കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാകുമ്പോൾ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മേൽക്കൈ നിലനിർത്തിയത് ഇടതുമുന്നണിയായിരുന്നെങ്കിലും സംസ്ഥാനത്ത് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട ഏക കോർപറേഷൻ കണ്ണൂരായിരുന്നു. എന്നാൽ, കോർപറേഷൻ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽ.ഡി.എഫിന്റെ ആധിപത്യമായിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് രൂപംകൊണ്ട കണ്ണൂർ കോർപറേഷനിൽ ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തന്ത്രം പാളിയിരുന്നു. 2015ലെ തിരഞ്ഞെടുപ്പിൽ 55 ഡിവിഷനുകളുള്ള കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും 27 സീറ്റ് വീതം നേടിയപ്പോൾ കോൺഗ്രസ് വിമതനായിരുന്ന പി.കെ രാഗേഷിന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. പിന്നീട് രാഗേഷ് പിന്തുണ പിൻവലിച്ചതോടെ ബാക്കി മൂന്ന് വർഷം രണ്ട് മുന്നണികളും പങ്കിട്ട് ഭരിക്കുകയായിരുന്നു.
എന്നാൽ, പി.കെ രാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയതോടെ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ ഫലം കണ്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34 സീറ്റുകൾ നേടി യു.ഡി.എഫ് കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചു. എൽ.ഡി.എഫിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോർപറേഷനിൽ ആദ്യമായി ബി.ജെ.പി ഒരു ഡിവിഷനിൽ വിജയിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ കോൺഗ്രസിലെ ടി. മോഹനൻ മേയറായെങ്കിലും നിലവിൽ മുസ്ലിം ലീഗിലെ മുസ്ലീഹ് മഠത്തിലാണ് മേയർ.
വാർഡ് പുനഃസംഘടനയോടെ രണ്ട് വാർഡുകൾ അധികം വന്ന കണ്ണൂർ കോർപറേഷനിൽ അടുത്തഭരണം ആർക്കെന്നത് നിർണായകമാണ്. വാർഡ് വിഭജനം എൽ.ഡി.എഫിന് അനുകൂലമായാണ് നടത്തിയതെന്ന ആരോപണമുണ്ടെങ്കിലും വിജയ പ്രതീക്ഷയെ അത് ബാധിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത്: എൽ.ഡി.എഫിന്റെ ഉറച്ച കോട്ട
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 16 സീറ്റിൽ എൽ.ഡി.എഫും ഏഴ് സീറ്റിൽ യു.ഡി.എഫും വിജയിച്ചു. 2015ൽ എൽ.ഡി.എഫ് 19 സീറ്റും യു.ഡി.എഫ് അഞ്ച് സീറ്റും നേടിയിരുന്നു. യു.ഡി.എഫിന് രണ്ട് സീറ്റ് കൂടി നേടാൻ കഴിഞ്ഞെങ്കിലും എൽ.ഡി.എഫിന്റെ ആധിപത്യത്തിന് മാറ്റമുണ്ടായില്ല.
കളം മാറാതെ നഗരസഭകൾ
തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളിലും രണ്ട് മുന്നണികളും 2015ലെ വിജയം ആവർത്തിച്ചു എന്നത് ശ്രദ്ധേയമാണ്. ആന്തൂർ, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, ഇരിട്ടി എന്നീ അഞ്ച് നഗരസഭകൾ എൽ.ഡി.എഫ് നിലനിർത്തി. ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പാനൂർ എന്നീ മൂന്ന് നഗരസഭകൾ യു.ഡി.എഫിനൊപ്പം തുടർന്നു. നഗരസഭകളിലെ 289 വാർഡുകളിൽ 175 സീറ്റിൽ എൽ.ഡി.എഫും 85 സീറ്റിൽ യു.ഡി.എഫും 20 സീറ്റിൽ ബി.ജെ.പിയും ഒമ്പത് സീറ്റിൽ ഇതര സ്ഥാനാർത്ഥികളും വിജയിച്ചു.
ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒമ്പതിടത്തും എൽ.ഡി.എഫിനാണ് വിജയം.
2015ൽ 52 പഞ്ചായത്തുകളിൽ എൽ.ഡി.എഫും 19 പഞ്ചായത്തുകളിൽ യു.ഡി.എഫും വിജയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തവണ 56 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയപ്പോൾ 15 പഞ്ചായത്തുകളിൽ യു.ഡി.എഫ് ഒതുങ്ങി. 11 പഞ്ചായത്തുകളിൽ മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചത് ഇടതുപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നു.