കാഞ്ഞങ്ങാട്: സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച എൽ.ഡി.എഫ് സർക്കാരിനെ ചുമട്ടുതൊഴിലാളി യൂണിയൻ (എസ്.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അഭിനന്ദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ ആളുകളും തയ്യാറാകണമെന്ന് ഏരിയ കുടുംബസംഗമം ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന സംഗമം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അശോകൻ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ, പ്രസിഡന്റ് കെ.ടി കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ. ഗംഗാധരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജേഷ് രാവണീശ്വരം നന്ദിയും പറഞ്ഞു.