payyam
പയ്യാമ്പലം ബീച്ചിന്റെ പ്രവേശനത്തിലുള്ള ഓരേയൊരു മുന്നറിയിപ്പ് ബോർഡ്. തകർന്ന ബോർഡിന്റെ അവശിഷ്ടങ്ങളും കാണാം

കണ്ണൂർ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടലിലും മുങ്ങിമരണങ്ങൾ പതിവാകുമ്പോഴും അധികാരികൾ കണ്ണ് തുറക്കുന്നില്ല. സുരക്ഷ മുൻകരുതലുകളും അപകട സൂചനാബോർഡുകളും പേരിന് മാത്രമാണെന്നാണ് പരാതി.

പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കർണാടക സ്വദേശികളായ ഡിഫാം വിദ്യാർത്ഥികൾ ഇന്നലെ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് നാട്. ഇന്നലെ 11 മണിയോടെ കടലിൽ കുളിക്കാനിറങ്ങിയ എട്ടംഗ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ.

ജില്ലയിൽ സമാനമായ സംഭവങ്ങൾ പതിവാകുകയാണ്. മാസങ്ങൾക്ക് മുന്നെ ചാൽ ബീച്ചിനോട് ചേർന്ന പ്രദേശത്ത് രണ്ടുപേർ കടലിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചിരുന്നു. എടക്കാടും മാസങ്ങൾക്ക് മുന്നെയാണ് വിദ്യാർത്ഥി കടലിൽ മുങ്ങിമരിച്ചത്.

സുരക്ഷയില്ലാതെ രക്ഷയില്ല

ദുരന്തങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നതിലെ പ്രധാന കാരണമായി പ്രദേശവാസികൾ പറയുന്നത് സുരക്ഷ മുന്നറിയിപ്പുകൾ ഇല്ലാത്തതും വിനോദസഞ്ചാരികൾ നാട്ടുകാരുടെ വാക്ക് അവഗണിക്കുന്നതുമാണ്. അപകടം നടന്ന പ്രദേശങ്ങളിലെല്ലാം ധാരാളം ചുഴികളുള്ളതാണ്. ഇന്നലെ അപകടം നടന്ന പ്രദേശത്ത് കടലിൽ ഇറങ്ങുന്നത് നാട്ടുകാർ ഇടപെട്ട് പലതവണ വിലക്കിയതായും ഇവർ പറയുന്നു. എന്നാൽ ഇവിടെ കൃത്യമായ പരിശോധനകളില്ലാത്തതും അപകട മുന്നറിയിപ്പുകൾ ഇല്ലാത്തതും അപകടം വിളിച്ചു വരുത്തുന്നതായാണ് ആക്ഷേപം. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പയ്യാമ്പലം ബീച്ചിന്റെ പ്രവേശന കവാടത്തോട് ചേർന്ന് മാത്രമാണ് മുന്നറിയിപ്പ് ബോർഡുള്ളത് അതും അപകടാവസ്ഥയിലാണ്. ഇതിനുശേഷം കിലോമീറ്ററുകളോളം ബോർഡുകളില്ല. ഇവിടെയൊക്കെ ധാരാളം റിസോർട്ടുകളുണ്ട്. ഇവിടെയെത്തുന്നവർ സ്ഥിരമായി ഈ പ്രദേശത്ത് കടലിൽ ഇറങ്ങുകയും ചെയ്യുന്നുണ്ട്.

ആകെ രണ്ട് ലൈഫ് ഗാർഡാണ് ഒരു സമയം ഇവിടെയുള്ളത്. എന്നാൽ ഒരു കോസ്റ്റൽ ഗാർഡ് മാത്രമാണ് അവധി ദിവസമായ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

അപകടം വരുമ്പോൾ മാത്രം മുന്നറിയിപ്പ് ബോർഡുണ്ട് എന്ന് പറഞ്ഞൊഴിയാതെ ഇറങ്ങി കുളിക്കുന്നവരെ തടയാൻ സംവിധാനം ഒരുക്കണം. ഡി.ടി.പി.സിയും പൊലീസും അനുഭവപാഠങ്ങളിലൂടെ മാറിച്ചിന്തിക്കാൻ തയ്യാറാകണം.

ആർട്ടിസ്റ്റ് ശശികല, കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ്