ഒരുക്കുന്നത് പ്രശസ്ത ശില്പി ഉണ്ണി കാനായി
പയ്യന്നൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട വീര ചരിത്രങ്ങൾ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. സി.പി.എം. കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ്, പാറപ്പുറം സമ്മേളനം മുതൽ കൂത്തുപറമ്പ് വെടിവെപ്പ് വരെയുള്ള പാർട്ടിയുടെ പോരാട്ട ചരിത്രങ്ങൾ ചുമർ ചിത്രങ്ങളായി ആലേഖനം ചെയ്യുന്നത്.
പാറപ്പുറം സമ്മേളനം, തലശ്ശേരി അബു, ചാത്തുക്കുട്ടി രക്തസാക്ഷിത്വം, മൊറാഴസംഭവം, കയ്യൂർ - കരിവെള്ളൂർ, മുനയംകുന്ന്, കോറോം, പാടിക്കുന്ന്, ഒഞ്ചിയം, കാവുമ്പായി, തില്ലങ്കേരി, പുന്നപ്ര വയലാർ, കൂത്തുപറമ്പ് വെടിവയ്പ്പ് എന്നിങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട വീര്യങ്ങൾ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്തകങ്ങളുടെ പിൻബലത്തിലാണ് രേഖാ ചിത്രങ്ങൾ തയ്യാറാക്കിയത്.
പാർട്ടി സമ്മേളനങ്ങളിൽ പ്രദർശനത്തിന്റെ ഭാഗമായി നിരവധി സമര പോരാട്ട ചരിത്ര ശില്പങ്ങൾ ഇതിന് മുൻപ് ഉണ്ണി കാനായി ഒരുക്കിയിരുന്നു. ഏറ്റവും ഒടുവിൽ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ അഴീക്കോടൻ രാഘവന്റെ അർദ്ധകായ പ്രതിമയും എ.കെ.ജിയുടെ കൂറ്റൻ ഇൻസ്റ്റലേഷൻ ആർട്ടും ഒരുക്കിയിരുന്നു.
6 അടി ഉയരം. 24 മീറ്റർ നീളം
ക്യാൻവാസിൽ ആറടി ഉയരത്തിൽ 24 മീറ്റർ നീളത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്. ആക്രിലിക് കളർ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ രണ്ടാഴ്ച കൊണ്ടാണ് പൂർത്തിയാക്കിയത്. സഹായികളായി കരായി തമ്പാൻ പെരിന്തട്ട, മെഹറൂഫ് പിലാത്തറ എന്നിവരുമണ്ടായിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി ജയരാജൻ, എ.വി രഞ്ജിത്ത് എന്നിവരുടെ നിർദ്ദേശങ്ങളും സഹായങ്ങളും ചിത്രരചനയ്ക്ക് ഏറെ സഹായമായതായി ശില്പി ഉണ്ണി കാനായി പറഞ്ഞു.