പയ്യന്നൂർ: നഗരസഭ പരിധിയിൽ നിരീക്ഷണത്തിനായി കൂടുതൽ സി.സി. ടി.വി. ക്യാമറകൾ സ്ഥാപിച്ചു. 5 ഇടങ്ങളിലായി 12 ക്യാമറകൾ കൂടിയാണ് സ്ഥാപിച്ചത്. ചെയർപേഴ്സൺ കെ.വി. ലളിത സ്വിച്ച് ഓൺ ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, ഇക്ബാൽ പോപ്പുലർ, കെ.കെ.അശോക് കുമാർ, ബി.കൃഷ്ണൻ, പി.ഷിജി, മുൻ വൈസ് ചെയർമാൻ കെ.കെ.ഗംഗാധരൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രാജേഷ്കുമാർ സംബന്ധിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 3 ഘട്ടങ്ങളിലായി 22 ഇടങ്ങളിൽ 41 ക്യാമറകളാണ് ഇതിനോടകം സ്ഥാപിച്ചത്. 2024-25 വർഷത്തെ പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവിലാണ് ഇപ്പോൾ 12 ക്യാമറകൾ കൂടി സ്ഥാപിച്ചത്. ക്യാമറകളുടെ പരിശോധന നടത്തുന്നതിന് രണ്ട് എൽ.ഇ.ഡി. ടി.വി.യും നഗരസഭയിൽ ഒരുക്കിയിട്ടുണ്ട്.

നഗരസഭ പരിധിക്കുള്ളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനു പുറമേ, റോഡപകടങ്ങളോ, മോഷണങ്ങളോ മറ്റോ നടന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് പരിശോധന നടത്തുന്നതിന് നഗരസഭയുടെ ക്യാമറകൾ ഉപകാരപ്പെടുന്നുണ്ട്.