നിർമ്മാണ പ്രവൃത്തി താൽക്കാലികമായി നിർത്തി
കാസർകോട്: അർഹമായ നഷ്ടപരിഹാരം നൽകാതെ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വീടുകൾ പൊളിക്കാൻ പൊലീസ് സന്നാഹവുമായി നിർമ്മാണ കമ്പനി അധികൃതർ എത്തിയത് കാസർകോട് ബേവിഞ്ചയിൽ സംഘർഷാവസ്ഥയുണ്ടാക്കി. ഗ്യാസ് സിലിണ്ടറുകളുമായി വീടിന് മുകളിൽ കയറിയ സ്ത്രീകൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തർക്കം കാരണം കാസർകോട് ബേവിഞ്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരുന്നു. തങ്ങൾക്ക് ലഭിക്കേണ്ട മുഴുവൻ നഷ്ടപരിഹാര തുകയും ലഭിച്ചില്ലെന്ന് ആരോപിച്ച് ബേവിഞ്ച സ്വദേശി ബഷീറും കുടുംബവുമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ വീട് നിൽക്കുന്ന ഭാഗത്ത് പണി തുടങ്ങാൻ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. കോടതിയിൽ നിലവിലുള്ള സ്റ്റേ നീങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് മണ്ണുമാന്തി യന്ത്രങ്ങളുമായി വീട് പൊളിക്കാൻ കമ്പനി എത്തിയത്. എന്നാൽ സ്റ്റേ നീക്കിയെന്ന് പറയുന്നത് കളവാണെന്നും രേഖകൾ കാണിക്കട്ടെയെന്നും വീട്ടുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് ചെർക്കള ബേവിഞ്ചയിൽ നാട്ടുകാർ തടിച്ചു കൂടി.
നിലവിൽ വീടിന്റെ ഒരുഭാഗം മാത്രമാണ് ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. വീട് പൂർണ്ണമായും ഏറ്റെടുത്ത് ന്യായമായ പണം നൽകിയെങ്കിൽ മാത്രമേ നിർമ്മാണത്തിന് അനുവദിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. പ്രതിഷേധത്തിന്റെ ഭാഗമായി വീട്ടുടമസ്ഥൻ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വീടിന് മുകളിൽ വച്ച് ശ്രദ്ധക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീട് നിൽക്കുന്ന സ്ഥലത്ത് പണി തുടരാൻ ഹൈക്കോടതി നിർദ്ദേശമുണ്ടെന്ന് കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, വീട് നിൽക്കുന്ന ഭാഗത്ത് ഞായറാഴ്ച പണിയെടുക്കില്ലെന്ന ധാരണയിൽ എത്തിച്ചേർന്നു. ഇതോടെയാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.
ദേശീയപാത അതോറിറ്റിയുടെ പിടിവാശിയെന്ന് എം.എൽ.എ
ദേശീയപാത വികസനത്തിന്റെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം ദേശീയപാത അതോറിറ്റിയുടെ പിടിവാശിയാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. വിമർശിച്ചു. ജനങ്ങളുടെ ദുരിതത്തിന് ആദ്യം പരിഹാരം കണ്ട ശേഷം മാത്രമേ വികസനം നടത്താവൂ എന്നും, ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് സർവീസ് റോഡുകൾ ഇല്ലാത്തതും, മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതും വലിയ ദുരിതത്തിന് കാരണമാകുന്നു. പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയങ്ങൾ കാര്യമായി എടുക്കുന്നില്ല. നിയമസഭയിൽ പോലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു.