മട്ടന്നൂർ: കൂടാളി പഞ്ചായത്തിലെ പ്രകൃതിഭംഗി കൊണ്ട് ശ്രദ്ധേയമായ നായിക്കാലി തുരുത്തിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി ലക്ഷ്യം കാണാതെ തറക്കല്ലിൽ ഒതുങ്ങി. തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാനായില്ല.
വയനാട് കുറുവാ ദ്വീപിന്റെ മാതൃകയിലുള്ള വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടെ നിർമിക്കുന്നത്. 20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആറു കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. കൊച്ചി ആസ്ഥാനമായുള്ള ഏജൻസിയാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഡി.ടി.പി.സിക്ക് നൽകിയത്.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പത്തു കിലോമീറ്റർ ദൂരമുള്ള നായിക്കാലിയിൽ വിദേശികളെയടക്കം ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്.
ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി പക്ഷിസങ്കേതം, പുഷ്‌പോദ്യാനം തുടങ്ങിയവയും നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നു. കുട്ടികളുടെ പാർക്ക്, തൂക്കുപാലം, എഫ്.ആർ.പി. പെഡൽ ബോട്ടുകൾ, കഫ്റ്റീരിയ, കയാക്ക് സ്റ്റോറേജ്, ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടി, ട്രീ ഹട്ടുകൾ, സെക്യൂരിറ്റി ക്യാബിൻ, പ്രവേശന കവാടം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്.