
കണ്ണൂർ: ജില്ലയിലെ ജല ലഭ്യതയും ജല ഉപയോഗവും സംബന്ധിച്ച വിശദ വിവരങ്ങളും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരങ്ങളും ജല ഗുണ നിലവാര വിശദാംശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ കണ്ണൂർ ജില്ലാ ജലബഡ്ജറ്റ് തയ്യാറായി. ഇന്ന് രാവിലെ 11ന് കണ്ണൂർ ജില്ലാ ആസൂത്രണസമിതി ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ജലബഡ്ജറ്റ് ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്യും.ജില്ലയിലെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബഡ്ജറ്റ്. ജില്ലയിലെ ഓരോ പ്രദേശത്തും ഒരു ചെറുകാലയളവിൽ പെയ്തു കിട്ടുന്ന മഴയുടെ ലഭ്യതയും അവിടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട ജലത്തിന്റെയളവും താരതമ്യം ചെയ്ത് ഓരോ സമയത്തും മിച്ചവും കമ്മിയും കണ്ടെത്തുകയാണ് ജല ബഡ്ജറ്റിലൂടെ ചെയ്യുന്നത്.ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനകം ജല ബഡ്ജറ്റ് തയ്യാറാക്കിയിട്ടുണ്ട്.