riyas

കാസർകോട്: മൂന്നാറിൽ മുംബയ് സ്വദേശിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായ ദുരനുഭവം ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായി വന്നുപോകാൻ കഴിയുന്ന സാഹചര്യം നിലനിർത്തുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈനായി ബുക്ക് ചെയ്‌ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം മൂന്നാറിലെത്തിയ അസി. പ്രൊഫസറായ ജാൻവി ദുരനുഭവം സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവച്ചത് ചർച്ചയായിരുന്നു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനമുണ്ടെന്ന് പറഞ്ഞ് ഒരു സംഘം പ്രാദേശിക ടാക്സി ഡ്രൈവർമാർ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പൊലീസിന്റെ സഹായം തേടിയെങ്കിലും ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. അത് നിലനിർത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്.