
കണ്ണൂർ: ജില്ല ആശുപത്രിയിൽ ഫോറൻസിക് സർജനില്ലാത്തതിനാൽ പയ്യാമ്പലത്ത് കടലിൽ മുങ്ങി മരിച്ച മൂന്ന് കർണാടക സ്വദേശികളായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം ചെയ്തത് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ. ഇതിന് പുറമെ ചക്കരക്കല്ലിൽ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചയാളുടേയും പോസ്റ്റുമാർട്ടം നടന്നത് പരിയാരത്തു തന്നെ. ജില്ല ആശിപത്രിയിൽ എത്തിച്ച ശേഷമാണ് ഫോറൻസിക് സർജൻ അവധിയിലായതിനാൽ പോസ്റ്റുമാർട്ടം ചെയ്യാൻ കഴിയില്ലെന്ന വിവരം ലഭിക്കുന്നത്.ഫോറൻസിക് സർജ്ജൻ ഇല്ലാത്ത ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടം മുടങ്ങുന്നത് കേരളകൗമുദി കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപെടുത്തിയത്.
തുടർന്ന് മൃതദേഹങ്ങൾ പരിയാരത്തേക്ക് കൊണ്ട് പോകുകയായിരുന്നു. കടലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.ഡോക്ടർ അവധിയിലാണെന്നറിഞ്ഞതോടെ രാവിലെ മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മാർട്ടത്തിനായി എത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിൽ കാത്തുകെട്ടി കിടക്കണം
കാസർകോട് ജില്ലയിൽ നിന്നടക്കമുള്ള സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെടുന്നവരുടെ പോസ്റ്റുമോർട്ടവും നടക്കുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണ്.ഇതുകാരണം ഇവിടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെയാണ്. ചില ദിവസങ്ങളിൽ ഇവിടെ പോസ്റ്റ്മാർട്ടം അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാറുമുണ്ട്. പരിയാരത്തെത്തിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അടിയന്തര പരിഗണനയിലും മണിക്കൂറുകളെടുത്താണ് പൂർത്തിയായത്. കർണാടകയിൽ നിന്നെത്തിയ ബന്ധുക്കളെ ഇത് ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇതുമൂലം ഏറെ താമസമുണ്ടായി.
ഒറ്റ ഡോക്ടർ മതിയോ?
കണ്ണൂർ ജില്ല ആശുപത്രിയിൽ ഒരു ഫോറൻസിക് സർജൻ മാത്രമാണുള്ളത്. ഇദ്ദേഹം അവധിയായ ദിവസങ്ങളിലാണ് മൃതദേഹങ്ങൾ കോഴിക്കോടേക്കോ പരിയാരത്തേക്കോ കൊണ്ടുപോകേണ്ടി വരുന്നത്. ഒന്നിൽ കൂടുതൽ കേസുകൾ വന്നാലും പാടുപെടും. രണ്ട് മുതൽ നാല് വരെ മണിക്കൂറെടുത്താണ് ഒരു പോസ്റ്റുമാർട്ടം പൂർത്തിയാക്കുന്നത്.ഈ വർഷം ഇതുവരെ 600 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മാർട്ടം ചെയ്തത്. അപകട മരണങ്ങളും പോസ്റ്റുമാർട്ടം ചെയ്യേണ്ടുന്ന കേസുകളും കൂടി വരുമ്പോൾ ഒരു ഫോറൻസിക് സർജനെ കൂടി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.