കണ്ണൂർ: ചാലാട് തെക്കൻ മണലിൽ വീടിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ കുളത്തിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന സൽന, ഭർത്താവ് ജിതേഷ് എന്നിവരുടെ സ്കൂട്ടറുകളാണ് തിങ്കളാഴ്ച പുലർച്ചെ അജ്ഞാതർ കത്തിച്ചത്. രണ്ടു സ്കൂട്ടറുകളും പൂർണമായും കത്തി നശിച്ചു. വീടിന്റെ മുൻവശവും വഴിയരികിലുമായി നിർത്തിയിട്ട സ്കൂട്ടറുകളാണ് കത്തിച്ചത്. കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെയും കഴിഞ്ഞ മാസം ചാലാട് അമ്പലവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ രാഗേഷുമായി ചേർന്നു പ്രവർത്തിച്ചതിന്റെയും ഇന്നലെ ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ പി.കെ രാഗേഷ് കോർപറേഷനിലെ അഴിമിതികളെ കുറിച്ചു നടത്തിയ പ്രസംഗം സമൂഹ മാദ്ധ്യമത്തിൽ ലൈവായി സംപ്രേഷണം ചെയ്തതിന്റേയും വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് സൽന ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണൻ എന്ന് വിളിക്കുന്ന നിജിൽ എന്നയാൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. പരാതിയിൻ മേൽ അന്വേഷണം ആരംഭിച്ചതായി ടൗൺ പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.