
ധർമ്മശാല:കെ.എ.പി രണ്ട്, നാല് ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയ 479 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്നലെ നടന്നു.മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവരിൽ നിന്നും ആദ്യ സല്യൂട്ട് സ്വീകരിച്ചത്.
പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിന് കെ.എ.പി നാലാം ബറ്റാലിയനിലെ പി.കെ.സൻജോഗ് (ഇൻഡോർ), ഇ.പി.ശ്രീകാന്ത്(ഔട്ട് ഡോർ), പി.അഖിൽ(ഷൂട്ടർ), വി.പി.നിഖിൽരാജ് (ഓൾറൗണ്ടർ) കെ.വി.നിഥിൻ (സൈബർ മികവ്), കെ.എ.പി രണ്ടാം ബറ്റാലിയനിലെ പി.അരുൺ (ഇൻഡോർ), അമൽ മനോഹർ (ഔട്ട്ഡോർ), ജി.കിഷോർ (ഷൂട്ടർ), പി.അരുൺ (ഓൾറൗണ്ടർ), ഷാമിൽ സത്താർ (സൈബർ മികവ്) എന്നിവർക്കുള്ള ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡി.ജി.പി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ഡി.ഐ.ജി ആംഡ് പൊലീസ് ബറ്റാലിയൻ ഡോ.അരുൾ ആർ.ബി.കൃഷ്ണ, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് എ.ശ്രീനിവാസൻ, കെ.എ.പി രണ്ടാം ബറ്റാലിയൻ കമാൻഡന്റ് ആർ.രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
പൊലീസിന് ബാഹ്യസമ്മർദങ്ങളില്ലാതെ പ്രവർത്തിക്കുന്ന കാലം: മുഖ്യമന്ത്രി
ധർമ്മശാല ബാഹ്യസമ്മർദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന പോലീസാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു സമയത്തും ഭയരഹിതരായി കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും കടന്നു ചെല്ലാനാകുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ബാഹ്യസമ്മർദ്ദങ്ങൾക്കും പൊലീസ് വഴങ്ങിയ കാലമുണ്ടായിരുന്നു. നിലവിൽ അത്തരമൊരു സാഹചര്യം ഇല്ല. നീതിപൂർവ്വം ഉത്തരവാദിത്തം പൊലീസുകാർക്ക് ചെയ്യാനാകുന്നുണ്ട്. ആ ഉത്തരവാദിത്തം പുതിയ സേനാംഗങ്ങളും ഭംഗിയായി നിറവേറ്റണം. പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുമ്പോൾ തന്നെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ല. സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ മുന്തിയ പരിഗണന നൽകണം. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുമ്പോഴും ക്രിമിനലുകളോട് വിട്ടുവീഴ്ച അരുത്. ജനകീയ പൊലീസ് നയത്തിലൂന്നിയ പ്രവർത്തനമാണ് സേനയ്ക്കുള്ളത്. ആ പെരുമാറ്റങ്ങളാണ് സേനയിലേക്ക് പുതുതായി വരുന്നവരും പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.