ep

കണ്ണൂർ: കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പിയുടെ ആത്മകഥ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി. പദ്മനാഭൻ പുസ്തകം ഏറ്റുവാങ്ങി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നു മുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്‌കാരമാണ് ഈ പുസ്തകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി.ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെ ബാഹുല്യമാണെന്ന് ടി. പദ്മനാഭൻ പറഞ്ഞു. രാഷ്ട്രീയത്തിന് പുറത്ത് സുഹൃത്ത് ബന്ധം നിലനിർത്തിയ വ്യക്തിത്വമാണ് ഇ.പി ജയരാജൻ എന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിലയിരുത്തി. പുതിയ തലമുറക്ക് വേണ്ടി അവനവന്റെ അനുഭവം തുറന്നെഴുതണമെന്നും ഒരു കേഡർ പാർട്ടിയുടെ ചുമതലക്കാർക്ക് അതിന്റെ ചട്ടക്കൂട് ലംഘിച്ച് ഒരിക്കലും എഴുതാനാവില്ലെന്നും ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

രാഷ്ട്രീയ എതിരാളികളുടെ അപവാദ പ്രചരണങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രേരിപ്പിച്ചത് ജനങ്ങളും പാർട്ടിയുമാണെന്ന് ഇ.പി ജയരാജൻ മറുമൊഴിയായി പറഞ്ഞു. പറയാൻ വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയ ജീവിതത്തിന്റെ ബാക്കി ഭാഗം പുസ്തകത്തിന്റെ തുടർച്ചയായി പ്രസിദ്ധീകരിക്കും. ചടങ്ങിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അദ്ധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, വി. ശിവദാസൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.

വൈദേകം വിഷയത്തിൽ
പി.ജയരാജന് വിമർശനം
വൈദേകം റിസോർട്ട് വിഷയത്തിൽ പി. ജയരാജൻ തനിക്കെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന് കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്ന് ഇ.പി ആത്മകഥയിൽ പറയുന്നു. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് ചോദിച്ചത്.