happy

തലശ്ശേരി :കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരൻ നട്ട ബയോബാബ് വൃക്ഷത്തെ പൈതൃക വൃക്ഷമായി
പ്രഖ്യാപിച്ച് എം.ജി റോഡ് സൗന്ദര്യവത്കരണ ഉദ്ഘാടനം സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവഹിച്ചു. എം.ജി.റോഡിനെ തലശ്ശേരിയുടെ ഹാപ്പിനസ് പോയന്റായും പ്രഖ്യാപിച്ചു.
തെരുവിന്റെ ഭംഗി ആസ്വദിച്ച് തെരുവിലൂടെ ആട്ടവും പാട്ടുമായി സംഘമായി നടന്നായിരുന്നു ഉദ്ഘാടനം നടന്നത്.നഗരസഭാ ഓഫീസ് മുതൽ പഴയ ബസ് സ്റ്റാൻഡ് കവല വരെയാണ് റോഡും നടപ്പാതയും നവീകരിച്ചത്. നഗരസഭ 1.75 കോടി ചിലവിൽ നഗരസഭാ ഓഫീസിനു മുൻവശം മുതൽ ജനറൽ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാൽ ആഴം കൂട്ടി കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ടിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ തുറമുഖ വകുപ്പിന്റെ 2.5 കോടി ഉപയോഗിച്ച് റോഡ് കോൺ ക്രീറ്റും ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ 90 ലക്ഷം രൂപ നീക്കിയാണ് നടപ്പാതയുൾപ്പെടെ സൗന്ദര്യവത്കരിച്ചത്. കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.

എം.ജി റോഡിന്റെ വശങ്ങളിൽ ചെടിച്ചെട്ടികൾ കോൺ ക്രീറ്റ് ചെയ്ത് പൂച്ചെടികൾ പിടിപ്പിച്ചിട്ടുണ്ട്. ബി.ഇ.എം.പി സ്‌കൂളിന് മുന്നിൽ നടപ്പാതയിൽ കരിങ്കല്ല്‌കൊണ്ടുള്ള ഇരിപ്പിടമൊരുക്കി.തണൽമരങ്ങൾക്ക് ചുറ്റും ഭിത്തികെട്ടി ഇരിപ്പിടമാക്കി. ഇവിടെ അലങ്കാരവിളക്കുകളും സ്ഥാപിച്ചു.ബ്രണ്ണൻ സ്‌കൂളിന്റെ ചുമരിൽ വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ തീർത്ത ചിത്രങ്ങളും ആകർഷകാഴ്ചയാണ്.ബി.ഇ.എം.പി സ്‌കൂളിന് മുന്നിലുള്ള തെരുവോര കച്ചവടക്കാരെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തേക്ക് മാറ്റുകയും ചെയ്തു.നടപ്പാതയിൽ പാർക്കിംഗിന് നിരോധനവും ഏർപ്പെടുത്തി.
നടപ്പാതയിൽ പാർക്കിംഗ് അനുവദിക്കില്ല.

ഉദ്ഘാടന ചടങ്ങിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി , തലശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എം.വി.ജയരാജൻ,സബ് കളക്ടർ കാർത്തിക് പാണിഗ്രഹി,സ്ഥിരം സമിതി അംഗങ്ങളായ
ഷബാന ഷാനവാസ്, ടി.കെ.സാഹിറ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.