pinarayi
വിഷൻ 2031 ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: വിഷൻ 2031ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനം കളക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്. സൗമനസ്യവും കാർക്കശ്യവും തുല്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന രീതിയിൽ കേരള പോലീസ് ശ്രദ്ധിക്കപ്പെട്ട ഘട്ടമാണ് നിലവിലുള്ളത്.
ജനങ്ങളുടെ ഏത് വിപത്തിനും ഒപ്പം ഉണ്ടാവുന്ന ഒരു സേവന സന്നദ്ധ സേന എന്ന നിലയിലേക്ക് പൊലീസിനെ മാറ്റുകയാണ് 2031 ആഭ്യന്തര സെമിനാറിന്റെ ലക്ഷ്യം. വയോജനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തി സഹായം ഉറപ്പാക്കാനാകും. സി.സി ടി.വി നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകും. പ്രായമായവരെ ഉപേക്ഷിക്കപ്പെട്ട നിലയിലോ സുരക്ഷിതത്വം ഇല്ലാത്ത നിലയിലോ ആകാൻ അനുവദിക്കാനാവില്ല. ലോക്കൽ പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, അസോസിയേഷൻ എന്നിവയുടെ സഹായ സഹകരണത്തോടെ ഇവരുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കും.
നിലവിലുള്ള സിറ്റിസൺ പൊലീസ് ആപ്പിനെ ഇന്ററാക്ടീവ് എമർജൻസി റെസ്‌പോൺസ് പ്ലാറ്റ്‌ഫോം ആക്കി ഉയർത്താൻ കഴിയണം. വിഷമാവസ്ഥകൾ നേരിട്ടാൽ ഏത് പൗരനും ഇതിൽ ബന്ധപ്പെടാം. ജനങ്ങളുടെ ആവശ്യത്തോട് അപ്പപ്പോൾ പ്രതികരിക്കുന്ന ഒരു പൊലീസ് സംസ്‌കാരത്തിന്റെ ഭാഗമാകുമിത്. പൊലീസിന്റെ സുരക്ഷാകരങ്ങൾ ഓരോ പൗരനും എത്തിക്കും. ആപ്പിൽ വീട് ലൊക്കേഷൻ ചെയ്യാനും വീട് പൂട്ടിയോ ഇല്ലയോ എന്നറിയാനുള്ള സൗകര്യവും ഉണ്ടായിരിക്കും
2031 ഓടെ റോഡ് അപകടങ്ങൾ കുറയ്ക്കാനും ഇല്ലാതാക്കാനും ശ്രമിക്കണം.
ഫയർ ആൻഡ് റെസ്‌ക്യൂ സേനയെ സമഗ്ര ദുരന്ത നിവാരണ സർവീസ് ആക്കി മാറ്റും. സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 'സമഗ്ര നിശാ സുരക്ഷ' പദ്ധതി ഏർപ്പെടുത്തും. മയക്കുമരുന്ന് മുക്ത കേരളം ഉറപ്പാക്കുന്നതിനായി എക്‌സൈസ്, പൊലീസ് ആന്റി നാർക്കോട്ടിക്സ് വിഭാഗങ്ങളുടെ ഏകോപനത്തോട് കൂടിയ സംവിധാനം ഉറപ്പാക്കും. സൈബർ കുറ്റങ്ങൾ കുറക്കാനും ജയിൽ നൈപുണ്യ വികസനത്തിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ് അജീത ബീഗം എന്നിവർ പാനൽ ചർച്ചയിലെ പ്രധാന ആശയങ്ങളുടെ അവതരണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ആഭ്യന്തര ആൻഡ് വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.