airport

കണ്ണൂർ: അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ വെട്ടിക്കുറച്ചതിന് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സെപ്തംബറിൽ മാത്രം 19,​133 പേരുടെ കുറവാണുണ്ടായത്. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രി​ൽ 15946,​ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രി​ൽ 3187 വീതവുമാണ് മുൻമാസങ്ങളെ അപേക്ഷിച്ചുള്ള കുറവ്.

സെപ്തംബറിൽ 89750 അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​തെന്നാണ് എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്ക്. ഒക്ടോബറിൽ ഇതിലും കുറയാനുള്ള സാദ്ധ്യതയാണ് അധികൃതർ കാണുന്നത്. ഇൻഡിഗോ വിമാനങ്ങൾ മസ്കറ്റ്,​ ദമാം എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചതാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്രയും കുറവ് വരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതെസമയം കഴിഞ്ഞ വർഷം സെപ്തംബറിൽ ഉണ്ടായതിലും പതിനൊന്നായിരം യാത്രക്കാരുടെ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലായിലും ആഗസ്തിലും ഒരു ലക്ഷത്തിലേറെ പേർ കണ്ണൂരിൽ നിന്നും വിദേശത്തേക്ക് പറന്നിരുന്നു. ജൂലായിൽ 107061 പേരും ആ​ഗ​സ്റ്റി​ൽ 1,43,760 പേ​രുമാണ് പറന്നത്. വിമാനത്താവളം പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽ നേരിട്ട വൻ പ്രതിസന്ധികൾ മറികടന്ന് ഉയർച്ചയുടെ വക്കിലെത്തിയപ്പോഴാണ് സർവീസുകൾ റദ്ദാക്കി വ്യോമയാനവകുപ്പ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വഴി മുടക്കിയത്.

ഒരു മാസത്തിനിടെ കുറഞ്ഞത് 39 സർവീസുകൾ

ആ​ഗ​സ്റ്റി​ൽ 676 അ​ന്താ​രാ​ഷ്ട്ര സ​ർ​വീസു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് സെ​പ്റ്റം​ബ​റി​ൽ 637 ആ​യി കു​റ​ഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള മസ്കറ്റ്,​ ദമാം സർവീസുകളിലാണ് കുറവ് വന്നത്. നേരിട്ടുള്ള വിമാന സർവീസുകളായതിനാൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി യാത്രക്കാർ ഈ സർവീസുകളെ ആശ്രയിച്ചിരുന്നു. കർണാടകയിലെ കൂർഗിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമുൾപ്പെടെ യാത്രക്കാർ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്.

ശൈത്യകാല ഷെഡ്യൂൾ പണിയാകും

ശൈത്യ കാല ഷെഡ്യൂളിന്റെ ഭാഗമായി ഒന്നാം തീയതി മുതൽ 42 സർവീസുകളാണ് പ്രതിവാരം നിർത്താലാക്കിയത്. ഇത് വിമാനത്താവളത്തിനും യാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. വിഷയം കേരള കൗമുദി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എയർഇന്ത്യയുടെ സർവീസുകളാണ് നിർത്തലാക്കിയത്. ലാഭകരമല്ലാത്ത സർവീസുകളാണ് നിർത്തിയതെന്നാണ് കമ്പനി പറയുന്നത്. ഇതോടെ കുവൈത്ത്, ജിദ്ദ, ബഹറൈൻ, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളും ഇല്ലാതായി.

രാജ്യാന്തര സർവീസുകൾ ( ആഴ്ചയിൽ)

സമ്മർ ഷെഡ്യൂളിൽ 96

വിന്റർ ഷെഡ്യൂളിൽ 54

വിമാന സർവീസുകൾ കുറച്ചത് വലിയ പ്രശ്നമാണ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകളെ മാനിക്കാത്ത നടപടിയാണിത്. നിരവധി യാത്രക്കാരാണ് കുവൈത്തിലേക്കൊക്കെ യാത്ര ചെയ്യുന്നത്. ഇനി കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കണം. ഇത് സമയ നഷ്ടമുണ്ടാക്കുന്നു. ഒ.വി മുരളീധരൻ- കുവൈത്ത് പ്രവാസി