കാഞ്ഞങ്ങാട്: വൃക്കരോഗികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഡയാലിസിസ് മുടങ്ങുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഗവ. ആശുപത്രികളെ ആശ്രയിക്കാനാകാത്ത രോഗികൾ സ്വകാര്യാശുപത്രികളെയാണ് സമീപിക്കുന്നത്. അവർക്ക് സർക്കാറിന്റെ ആരോഗ്യ കാർഡ് കാണിച്ചാൽ ഡയാലിസിസ് സൗജന്യമായി ചെയ്യാം. എന്നാൽ ലക്ഷങ്ങൾ കുടിശിക വന്നതോടെ ആശുപത്രികൾ ഇവരോട് മുഖം തിരിക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ ജില്ല, ജനറൽ ആശുപത്രികൾ, പെരിയ എസ്.ഐ.എച്ച്.സി, പൂടങ്കല്ല് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൂടുതൽ ഡയാലിസിസ് നടത്തുന്നത്. ഈ ആശുപത്രികളിലാകെ ഇരുന്നൂറു പേർക്ക് ഡയാലിസിന് ചെയ്യാനുള്ള സൗകര്യമേ ഉള്ളൂ എന്ന് വൃക്ക രോഗികളുടെ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വൃക്ക രോഗികൾക്കും ആശ്രയം സ്വകാര്യാശുപത്രികളാണ്.
ജില്ലയിൽ കാസർകോട്ടെ കാമത്ത് മെഡിക്കൽ സെന്റർ ആണ് സർക്കാറിന്റെ ആരോഗ്യ കാർഡ് സ്വീകരിക്കുന്ന ഒരുകേന്ദ്രം. അവർക്ക് 30 ലക്ഷം രൂക കുടിശിക കിട്ടാനുണ്ടത്രെ. 2024 വരെ ഡയാലിസിസ് നടത്തിയ ഇനത്തിലാണ് ഇത്രയും കുടിശിക വന്നത്. ഇതോടെയാണ് അവർ വൃക്കരോഗികൾക്കു നേരെ വാതിലടച്ചത്. കാമത്ത് മെഡിക്കൽ സെന്ററുമായി ആരോഗ്യ വകുപ്പ് സെക്രട്ടറി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ഒക്ടോബർ ആദ്യം നൽകാമെന്നു സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഇതിനകം കൂട്ടായ്മ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവരെ, വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിയാത്ത കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ആശ്വാസം നൽകുന്ന നടപടി ഉണ്ടായിട്ടില്ല. കാമത്ത് മെഡിക്കൽ സെന്ററിനു കൊടുക്കാനുള്ള കുടിശിക നൽകാൻ പൊതുജനാരോഗ്യ വകുപ്പ് തയ്യാറാകണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.
3000
ജില്ലയിൽ നിലവിൽ വൃക്കരോഗികളുടെ എണ്ണം മൂവായിരമാണ്. ഇവരിൽ മിക്കവർക്കും ഡയാലിസിസ് ആവശ്യവുമാണ്. അവർക്കാണിപ്പോൾ ചികിത്സ കിട്ടാതെ പോകുന്നത്.
20,000
വൃക്കരോഗികൾക്ക് മാസത്തിൽ മൂന്നു തവണയെങ്കിലും ഡയാലിസിസ് നടത്തണം. ഇതിന് 20,000 രൂപ വരെ ചിലവ് വരും. സാധാരണക്കാർ ഇതെങ്ങിനെ താങ്ങുമെന്നാണ് വൃക്കരോഗികളുടെ ചോദ്യം.