
ഇരിട്ടി(കണ്ണൂർ): ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി കൊട്ടാരം റോഡിന്റെ നവീകരണ ഉദ്ഘാടനത്തിനിടെ സി.പി.എം പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റും പേരാവൂർ എം.എൽ.എയുമായ സണ്ണി ജോസഫ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. നവകേരളഹസദസ് ബഹിഷ്കരിച്ച എം.എൽ.എ അതു വഴി അനുവദിച്ച പ്രവൃത്തിയുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.എട്ടുകാലി മമ്മൂഞ്ഞകരുതെന്ന മുദ്രാവാക്യവും മുഴക്കി.
1.25 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക റോഡ് വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ.ശ്രീലത നിർവഹിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രോട്ടോക്കോൾ അനുസരിച്ച് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് സണ്ണി ജോസഫ് നഗരസഭയെ അറിയിക്കുകയായിരുന്നു.നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത 2023 നവംബർ 22ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചാവശ്ശേരി കൊട്ടാരം റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നവകേരള സദസ്സിലും ജനപ്രതിനിധികൾ ഈ ഈ ആവശ്യം ഉന്നയിച്ചിരുന്നു.തുടർന്നാണ് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതെന്ന് സി.പി.എം പ്രവർത്തകർ പറയുന്നു. റോഡ് നവീകരണത്തിൽ യാതൊരു പങ്കുമില്ലാത്ത എം.എൽ.എ ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നത് അൽപത്തരമാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധത്തിനൊടുവിൽ കെ.ശ്രീലത തന്നെ റോഡ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടന വേദിയിൽ നിന്നിറങ്ങിയ സണ്ണി ജോസഫ് തൊട്ടടുത്ത് യു.ഡി.എഫ് പ്രവർത്തകർ ഒരുക്കിയ വേദിയിലെത്തി വിശദീകരണം നടത്തി. താനും റോഡിനു വേണ്ടി പ്രയത്നിച്ചിരുന്നെന്നും നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി..