കണ്ണൂർ: കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് കിണറ്റിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് വിവരം. കുഞ്ഞിനെ കിണറിൽ എറിഞ്ഞതാണെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ അമ്മ സമ്മതിച്ചിട്ടുണ്ട്.

കുറുമാത്തൂരിലെ ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ ആമിഷ് അലനാണ് കഴിഞ്ഞ ദിവസം രാവിലെ പത്തിന് കിണറ്റിൽ വീണ് മരിച്ചത്. കിണറിനോട് ചേർന്ന കുളിമുറിയിൽ നിന്ന് കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കൈയിൽ നിന്ന് വഴുതി വീണുവെന്നാണ് എന്നാണ് ആദ്യഘട്ടത്തിൽ മുബഷിറ പറഞ്ഞത്. മുബഷിറ തന്നെയാണ് ശബ്ദമുണ്ടാക്കി ആൾക്കാരെ കൂട്ടിയതും. എന്നാൽ സംശയം തോന്നിയ പൊലീസ് ഇന്നലെ വീട്ടിലെത്തി മുബഷീറയെ ചോദ്യം ചെയ്യുകയായിരുന്നു. ആൾ മറയും ഇരുമ്പ് കമ്പി കൊണ്ടുള്ള അടപ്പുമുള്ള കിണറിലേക്ക് കുഞ്ഞ് വീണതെങ്ങനെയെന്ന സംശയമാണ് പൊലീസിനുണ്ടായിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് വിവരം. കൊലപാതക കാരണത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കിയിട്ടില്ല.യുവതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.ഇവർ നിലവിൽ വീട്ടിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്.