കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് കൗൺസിലർമാർ. ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഉൾപ്പെടെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നു. എൻജിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലം 2022ലെ പ്രവൃത്തിപോലും സ്പിൽ ഓവർ ആയിരിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. 2500 ഓളം സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കരാറുകാർക്ക് ഇതുവരെ തുക അനുവദിച്ച് നൽകിയിട്ടില്ല. രണ്ടുവർഷമായി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തുക അനുവദിച്ച് കിട്ടാനായി കരാറുകാർ കോർപറേഷൻ കയറിയിറങ്ങുകയാണ്. സ്ഥാപിച്ച ലൈറ്റുകൾക്ക് ക്വാളിറ്റിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ ബിൽ പാസാക്കി നൽകാത്തത്. ടെൻഡർ അംഗീകരിച്ച് ക്വാളിറ്റി ചെക്ക് ഉൾപ്പെടെ കഴിഞ്ഞാണ് കരാറുകാർ സട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.

കോർപ്പറേഷൻ എല്ലാ ഡിവിഷനുകളിലെയും റോഡ് നിർമാണം സ്തംഭിച്ചിരിക്കുകയാണ്. ടെൻഡർ നടപടികൾ പോലും പൂർത്തിയാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് എല്ലാ കൗൺസിലർമാരും പരാതി പറഞ്ഞു. കരാറുകാരുമായി യാതൊരു സഹകരണവുമില്ലാതെയാണ് എൻജിനീയറിംഗ് വിഭാഗത്തിന്റെ പെരുമാറ്റം. അതിനാൽ പുതുതായി വർക്ക് ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ട് വരുന്നില്ലെന്നും കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെയും കൗൺസിലർമാർ ചോദ്യം ചെയ്തു.

കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാൻ സെക്രട്ടറിക്ക് മേയർ നിർദേശം നൽകി. തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യാത്ത പക്ഷം കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. എൻ.ഉഷ, അഡ്വ. പി.കെ.അൻവർ, സിയാദ് തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


റീൽസിനെ ചൊല്ലി തർക്കം

കോർപ്പറേഷനിൽ ശുചിമുറികൾ ശോച്യാവസ്ഥയിലാണെന്ന തരത്തിലുള്ള റീൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരേ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പ്രതികരിച്ചു. കോർപ്പറേഷനെ അവമതിക്കുന്ന റീൽസിനെതിരെ നിയമ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം റീൽസിൽ കാണിച്ചിരിക്കുന്നത് സത്യമായ അവസ്ഥയാണെന്ന് സി.പി.എം കൗൺസിൽമാർ പറഞ്ഞു.


ബി.ജെ.പിക്കെതിരെ മേയർ

ബി.ജെ.പി പ്രവർത്തകർ നടത്തിയ കോർപ്പറേഷൻ ഉപരോധ സമരം ജനാധിപത്യ മര്യാദകൾ പാലിക്കാതെയാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചു. നേരത്തെ നോട്ടീസ് പോലും നൽകാതെയാണ് സമരം നടത്തിയത്. സമരക്കാർ ഡെപ്യൂട്ടി മേയർ പി.ഇന്ദിരയെയും സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂരിനെയും തടഞ്ഞത് ശരിയായില്ലെന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ കുട്ടിച്ചാത്തൻമാരാണ് ഭരിക്കുന്നത്. ഉദ്യോഗസ്ഥരെ നിലക്കു നിർത്തുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടിരിക്കുകയാണ്.

വി.കെ.ഷൈജു, ബി.ജെ.പി


തെരുവ് വിളക്കുകൾ കത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് ഓവർസിയർ കുറിപ്പെഴുതി വച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കുശിനി പണിക്കാരാണോ കൗൺസിലർമാർ.

പി.കെ.രാഗേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ


ഉദ്യോഗസ്ഥരെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതില്ല. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ടി.രവീന്ദ്രൻ, എൽ.ഡി.എഫ്‌