
ചെറുവത്തൂർ: ദേശീയപാത 66 പ്രവൃത്തി നടക്കുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ-വ്യാപരഭവൻ റോഡിൽ സ്ഥാപിച്ച ബോക്‌സ് കൾവർട്ട് നീക്കി അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമരത്തിലേക്ക്. ചെറുവത്തൂരിന്റെ വികസനമുരടിപ്പിന് വഴിവെക്കും വിധത്തിലാണ് റെയിൽവേ സ്റ്റേഷനേയും ടൗണിനെയും രണ്ടായി വിഭജിച്ച് ദേശീയപാതപ്രവൃത്തി. ഈ സാഹചര്യത്തിലാണ് അടിപ്പാതക്കായി ജനകീയ കൂട്ടായ്മ സമരത്തിനിറങ്ങിയത്. മുന്നറിയിപ്പ് സമരമെന്നനിലയിൽ ഇന്നലെ ദേശീയപാതയ്ക്ക് സമീപം നടത്തിയ ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തകസമിതിയംഗം പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ മുകേഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.വി.ദാമോദരൻ, കെ.കെ.കുമാരൻ, കെ.സുന്ദരൻ, ടി.പി.അഷ്‌റഫ്,കെ.വി.രഘുത്തമൻ, ഉദിനൂർ സുകുമാരൻ, പി.വിജയകുമാർ, കെ.പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.രാജൻ സ്വാഗതവും സി രഞ്ജിത്ത് നന്ദിയും പറഞ്ഞു.