കണ്ണൂർ: കോർപ്പറേഷൻ ഭരണകൂടത്തിനെതിരെ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കോർപറേഷൻ ഓഫീസ് ഉപരോധ സമരം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ അദ്ധ്യക്ഷനായി. തകർന്ന റോഡുകൾ നവീകരിക്കുക, യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കുക, തെരുവ് നായ നിയന്ത്രണത്തിന് എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധ സമരം. ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയലത ,കൗൺസിലർ വി.കെ.ഷൈജു, എം.കെ.വിനോദ്, ബിനിൽ, അനീഷ് കുമാർ, ഷമീർ ബാബു, കെ.പ്രകാശൻ, രാഗിണി, പി.ജ്യോതി, അരുൺ കൈതപ്രം, എസ്.വിജയ്, കൃഷ്ണപ്രഭ എന്നിവർ നേതൃത്വം നൽകി.
സമരത്തിനിടെ കോർപറേഷനിലേക്ക് കയറാൻ ശ്രമിച്ച ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, കൗൺസിലർ ജയസൂര്യൻ എന്നിവരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ടൗൺ എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവരെ സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.