
കണ്ണൂർ: ഇരിട്ടി പഴശ്ശി-പടിയൂർ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി. മരാമത്ത് പണികൾ, ചെടികളും മരങ്ങളും നടൽ , വാട്ടർ സപ്ലൈ, കുട്ടികളുടെ കളി ഉപകരണങ്ങൾ, വൈദ്യുതീകരണം എന്നിവയാണ് രണ്ടാംഘട്ട വികസനപ്രവൃത്തിയിലുള്ളത്.
കാരവൻ പാർക്കും റോപ് വേയും സോളാർ ബോട്ടും അടക്കമുള്ള വൻ ടൂറിസം പദ്ധതികളാണ് ഇക്കോ പ്ലാനറ്റിനെ കാത്തിരിക്കുന്നത്. ഇക്കോ പ്ലാനറ്റിലെ 5.66 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി വരികയാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി
രണ്ടാംഘട്ട വികസനം സംബന്ധിച്ച് വിശദമായ പദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തുക അനുവദിച്ചത്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലാസവേളകൾ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്.. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ആകർഷണമായി പാർക്കിനെ മാറ്റുകയാണ് ലക്ഷ്യം - മന്ത്രി പി.എ.മുഹമ്മദ് റിയാസ്
പഴശ്ശിയ്ക്കിത് സ്വപ്നപദ്ധതി
പടിയൂർ, കുയിലൂർ, നിടിയോടി, പൂവ്വം മേഖല ഉൾപ്പെടുന്ന പദ്ധതി പ്രദേശങ്ങൾ കൂട്ടിയിണക്കിയുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 5.66 കോടിയുടെ പദ്ധതികളാണുള്ളത്.. 68 ഏക്കറോളം വരുന്ന പുൽത്തകിടി നിറഞ്ഞ പ്രദേശങ്ങളിൽ ബൊട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ, പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ, ബോട്ട് സർവീസ് എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്. പടിയൂർ ടൗണിൽ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡും നവീകരിക്കുന്നുണ്ട്. ജലത്താൽ ചുറ്റപ്പെട്ട പഴശ്ശി പദ്ധതി പ്രദേശത്തെ പച്ചത്തുരുത്തുകൾ സംരക്ഷിച്ചും വെളളം എത്താത്ത പ്രദേശങ്ങളെ തമ്മിൽ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കുകളും സസ്യ സംരക്ഷണ പ്രവർത്തനങ്ങളും ഔഷധ തോട്ടങ്ങളും ഉൾപ്പെടെയാണ് നടപ്പാക്കുന്നത്. പഴശ്ശി അണക്കെട്ട്, പദ്ധതി പ്രദേശത്തെ പാർക്ക്, അകംതുരുത്ത് ദ്വീപ്, പെരുമ്പറമ്പ് മഹാത്മാ ഗാന്ധി പാർക്ക്, വള്ള്യാട് സഞ്ജീവനി ഇക്കോ പാർക്ക് എന്നിവയെ കോർത്തിണക്കിയുള്ള പദ്ധതികളും പഴശ്ശി – പടിയൂർ ഇക്കോ ടൂറിസം ഹബ് പൂർത്തിയാകുന്നതോടെ നടപ്പാക്കും.