wariers

വാരിയേഴ്സ് എഫ്.സിയുടെ ഹോം മത്സരങ്ങൾ ഏഴ് മുതൽ

കണ്ണൂർ : സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ഹോം മത്സരങ്ങൾ ഏഴ് മുതൽ കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. തൃശൂർ മാജിക്ക് എഫ്.സിയാണ് കണ്ണൂരിലെ ആദ്യ മത്സരത്തിൽ വാരിയേഴ്സ് നേരിടുന്നത്. അഞ്ച് ഹോം മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. പത്തിന് തിരുവനന്തപുരം കൊമ്പൻസിനെയുമം 19 ന് മലപ്പുറം എഫ്.സിയേയും 23 ന് ഫോഴ്സ് കൊച്ചി എഫ്.സിയേയും 28 ന് കാലിക്കറ്റ് എഫ്.സിയേയും ജവഹർ സ്റ്റേഡിയത്തിൽ വാരിയേഴ്സ് നേരിടും.

സൂപ്പർലീഗിൽ നാല് മത്സരങ്ങൾ കളിച്ച കണ്ണൂർ വാരിയേഴ്സ് രണ്ട് ജയവും രണ്ട് സമനിലയുമായി തോൽവി അറിയാതെ ഏട്ട് പോയിന്റോടെ മുന്നേറുകയാണ്. സ്റ്റേഡിയത്തിലെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. വാർത്ത സമ്മേളനത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സി ഡയറക്ടർ സി.എ. മുഹമ്മദ് സാലി, സ്‌പോർറ്റിംഗ് ഡയറക്ടർ ജുവൽ ജോസ്, സംഘാടക സമിത ജനറൽ കൺവീനർ എം.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യം

ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. സ്ത്രീകൾക്കും 2013 ഡിസംബർ 15 ന് ശേഷം ജനിച്ച 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗ്യാലറിയിൽ പ്രവേശനം സൗജന്യമായിരിക്കും.സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ് ലഭിക്കും. വിദ്യാർത്ഥികൾക്കുള്ള പാസ് ഓഫ്‌ ലൈനിലാണ് ലഭിക്കുന്നത്. കളികാണാനെത്തുന്ന വിദ്യാർത്ഥികൾ ഐഡി കാർഡ് കരുതണം. ഗ്യാലറി 99 , ഡീലക്സ് 149,പ്രിമീയം 199 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.ഇരുപത് ശതമാനം വിലകുറവിൽ അഞ്ച് മത്സരങ്ങളുടെ സീസൺ ടിക്കറ്റും ഓൺലൈനിൽ ലഭ്യമാണ്.ഓഫ് ലൈൻ ടിക്കറ്റുകൾ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിന്റെ താഴെചൊവ്വ, തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. കൂടാതെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ കണ്ണൂർ വാരിയേഴ്സ് എഫ്സി ഓഫീസിലെ കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭിക്കും. ഓഫീസിന്റെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.