കണ്ണൂർ: മേയർക്കെതിരെ ഉയർന്ന അഴിമതി ആരോപണം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആയുധമാക്കി പ്രതിപക്ഷം. ഇതിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷവും രംഗത്തെത്തി. ഇന്നലെ കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ സി.പി.എം കൗൺസിലർമാ‌ർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മേയർക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചാണ് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം വിളിച്ചത്. കോർപ്പറേഷൻ പ്രവർത്തനങ്ങൾ സുതാര്യമല്ലാതെയാണ് നടക്കുന്നതെന്നും ഭരണം അഴിമതിയിൽ മുങ്ങിയിരിക്കുകയുമാണെന്നും സി.പി.എം കൗൺസിലർ ടി.രവീന്ദ്രൻ ആരോപിച്ചു.

പ്രതിഷേധത്തിനിടെ മേയർ അജണ്ടകൾ വായിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. അജണ്ട സംബന്ധിച്ച് യാതാരു ചർച്ചയും നടത്താൻ കൗൺസിലർമാർക്ക് അവസരം ലഭിച്ചില്ല. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കൗൺസിൽ ഹാളിന് പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാനാകുമ്പോൾ ഉണ്ടാകുന്ന നാടകമാണ് അരങ്ങേറുന്നതെന്ന് ഡെപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞു. കൗൺസിലർ ടി.ഒ.മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. സി.പി.എമ്മിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ സി.പി.എം കൗൺസിലർമാർ കൗൺസിൽ ഹാളിന് പുറത്ത് വന്നും പ്രതിഷേധിച്ചു. കെ.കെ.രാഗേഷ് ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി ഇന്ന് വാർത്താസമ്മേളനം വിളിച്ച് അറിയിക്കുമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞു.

അഴിമതി ആരോപിക്കുന്നത് കാൻസൽ ചെയ്ത ടെണ്ടർ രേഖകൾ കാട്ടി: മേയർ

എങ്ങനെയെങ്കിലും കോർപ്പറേഷൻ ഭരണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം അഴിമതി ആരോപണവുമായെത്തിയതെന്ന് മേയർ മുസ്ലീഹ് മഠത്തിൽ. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വിറളിപൂണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതി പുറത്ത് വരാതിരിക്കാൻ വേണ്ടി പ്രാദേശികമായി എല്ലാ യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കാൻസൽ ചെയ്ത ടെൻഡറുമായി ബന്ധപ്പെട്ട രേഖകളുമായാണ് കെ.കെ.രാഗേഷ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോർപറേഷനിലെ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ പല ഇല്ലാകഥകളും അദ്ദേഹത്തിന് എത്തിച്ച് നൽകുന്നുണ്ട്. ആകെ ഒരു തവണ മാത്രം എം.പിയായ കെ.കെ.രാഗേഷിന് എങ്ങനെ ഇത്രവലിയ ആസ്തിയുണ്ടായി എന്ന് ബന്ധപ്പെട്ടവർ അന്വേഷിക്കാൻ തയാറാകണം. കെ.കെ.രാഗേഷിനെതിരേ മാനനഷ്ടക്കേസ് നൽകാനാണ് തീരുമാനമെന്നും മേയർ പറഞ്ഞു.