തലശേരി: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ആറു വയസുകാരനായ മകന് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിന് രണ്ടര വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തമിഴ്നാട് കള്ളക്കുറിച്ചി ഉളിയനെല്ലൂർ സ്വദേശിയായ സെന്തിൽകുമാർ എന്ന മുഹമ്മദ് ബിലാലിനെയാണ് തലശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (നാല്) ശിക്ഷിച്ചത്.
തലശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (നാല്) ജഡ്ജ് ജെ. വിമൽ ആണ് ശിക്ഷ വിധിച്ചത്. 2016 ആഗസ്റ്റ് രണ്ടിനാണ് സംഭവം നടന്നത്. കണ്ണൂരിലെ കക്കാട് വച്ച് ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളുടെ പേരിൽ ആറ് വയസുള്ള മകനെ ഇയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന്, ഫ്രൂട്ടിയിൽ എലിവിഷം കലർത്തി മകനെ കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
കേസിൽ അന്നത്തെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന വേണുഗോപാലൻ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്മ ഹാജരായി.