മടിക്കൈ(കാസർകോട്): രാഷ്ട്രീയം എന്തായാലും അഭിപ്രായ വ്യത്യാസം ഉണ്ടായാലും കാസർകോടിന്റെ എം.പി രാജ് മോഹൻ ഉണ്ണിത്താൻ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് ഒപ്പമാണെന്നും എല്ലാ നല്ലകാര്യങ്ങളെയും പിന്തുണക്കാറുണ്ടെന്നും മുഖ്യാതിഥിയായ എം.പിയെ പ്രത്യേകം വിളിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. എം.പിയുടേത് മുന്നണി ബന്ധങ്ങൾക്ക് അപ്പുറത്തെ ജനകീയ മനസാണെന്നും മണ്ഡലത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണന നൽകുന്നത് സന്തോഷകരമെന്നും മന്ത്രി പറഞ്ഞത് സദസിന് ആവേശം പകർന്നു.
മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന എം പി മാരുടെ യോഗത്തിൽ പിണറായി വിജയൻ തനിക്ക് പ്രത്യേക പരിഗണന നല്കാറുണ്ടെന്ന് മന്ത്രിക്ക് അറിയാമോ എന്നറിയില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താനും തിരിച്ചടിച്ചു. മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാലിൽ ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് വേദിയിൽ സന്നിഹിതനായിരുന്ന എം പിയെ മന്ത്രി പുകഴ്ത്തിയത്. ദീർഘകാലമായി ബന്ധമുള്ള തനിക്ക് ഉണ്ണിത്താനോട് അങ്ങനെ പറയാൻ സ്വാതന്ത്ര്യമുള്ളത് കൊണ്ടാണ് സംസാരിക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ പുകഴ്ത്തലിൽ ആവേശം പൂണ്ട ഉണ്ണിത്താൻ 2019 മുതൽ മടിക്കൈ പഞ്ചായത്തിലെ ഏത് പരിപാടിക്ക് വിളിച്ചാലും ഞാൻ എത്താറുണ്ടെന്നും ഇവിടത്തെ ഗ്രാമീണ ജനത വിഷ്‌ക്കളങ്കരാണെന്നും മന്ത്രിയെ ബോധിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഈ ഭരണസമിതി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവരട്ടെയെന്ന് അനുഗ്രഹിക്കുന്നതായും എം പി പറഞ്ഞപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം പണിത കരാറുകാരന് മന്ത്രി ഉപഹാരം നൽകി. മന്ത്രിക്കുള്ള പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റും സമ്മാനിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സത്യ, ടി.രാജൻ, രമ പത്മനാഭൻ, മെമ്പർമാരായ ടി.രതീഷ്, എ.വേലായുധൻ, മുൻ പ്രസിഡന്റുമാരായ സി.പ്രഭാകരൻ, കെ.വി കുമാരൻ, എം.രാജൻ, കരീം ചന്തേര, വി. നാരായണൻ മണ്ടോട്ട്, പി.പി. രാജു, ഒ. കുഞ്ഞികൃഷ്ണൻ, നിർമ്മാണ കരാറുകാരൻ അഹമ്മദ് ഫറൂഖ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ഡോ. ഇന്ദു നന്ദിയും പറഞ്ഞു.