കാസർകോട്: സ്വത്ത് സംബന്ധമായ പ്രശ്നത്തിന്റെ പേരിൽ അടിപിടിയുമായി എത്തിയവർ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇതേത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ പ്രതിഷേധ സമരം നടത്തി . വ്യാഴാഴ്ച രാവിലെയാണ് അണങ്കൂർ ബദിരയിൽ നിന്നും അടിപിടിയുണ്ടായ പിതാവും മക്കളും ജനറൽ ആശുപത്രിയിലെത്തിയത്. പരിക്കേറ്റയാളെ അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇവർ ആശുപത്രിയിൽ വച്ച് വീണ്ടും തമ്മിലടിക്കുകയായിരുന്നു. കൂട്ടത്തിലൊരാൾ മറ്റൊരാളെ പിറകിൽനിന്ന് ചവിട്ടിയപ്പോൾ ഇയാൾ തെറിച്ച് ഡോക്ടറുടെ മുകളിൽ വീഴുകയും, ഡോക്ടർ താഴെ വീണ് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ജോലി സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് ഡോക്ടർമാർ പിന്നീട് യോഗം ചേർന്ന് പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിക്കും ഡോക്ടർമാർക്കും മതിയായ സുരക്ഷ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം പതിവാണെന്നും ഡോക്ടർമാർ ആരോപിച്ചു.