rto
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ്‌

മട്ടന്നൂർ: കഴിഞ്ഞ ഏതാനും വർഷം മുമ്പ് ഗതാഗത വകുപ്പ് മട്ടന്നൂരിൽ തുടങ്ങിയ ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഏറെ അസൗകര്യങ്ങൾക്കിടയിൽ. വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിന് സമീപത്തെ ബി.എസ്.എൻ.എൽ കെട്ടിടത്തിലാണ് ആർ.ടി.ഒ ഓഫീസ് നാലു വർഷത്തോളമായി വാടകയ്ക്ക് പ്രവർത്തിക്കുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒരുപാട് പരിമിതികൾക്കിടയിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. മട്ടന്നൂർ നഗരത്തിലെ റവന്യു ടവറിൽ (മിനി സിവിൽ സ്റ്റേഷൻ) ഓഫീസിന് വേണ്ട സ്ഥലസൗകര്യമുണ്ടെങ്കിലും അങ്ങോട്ട് മാറാനുള്ള നടപടിയായിട്ടില്ല.
എ.ഐ ക്യാമറകളുടെ നിരീക്ഷണം ഉൾപ്പടെ ജില്ലയിലെ മുഴുവൻ വാഹനഗതാഗതവും നിയന്ത്രിക്കുന്ന ഓഫീസാണിത്. വാഹനങ്ങൾ നിർത്തിയിടാൻ പോലും ആവശ്യത്തിന് സൗകര്യമില്ല. മഴ പെയ്യുമ്പോൾ ചോർച്ച പതിവായതിനാൽ സീലിംഗിന് ഇടയ്ക്കിടെ പ്രവൃത്തി നടത്താറുണ്ട്. എന്നിട്ടും ചോർച്ചയ്ക്ക് കുറവില്ല.

പാഴാകുന്നത് പ്രതിമാസം

₹ 60,000

പ്രതിമാസം 60,000 രൂപയോളം ബി.എസ്.എൻ.എല്ലിന് വാടക നൽകിയാണ് ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത്. ഈ തുക ചെലവഴിച്ചാൽ റവന്യു ടവറിൽ ഓഫീസിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാവുന്നതേയുള്ളൂ. നഗരത്തിൽ നിന്ന് മാറിയുള്ള ഓഫീസിലേക്ക് ആളുകൾക്ക് എത്തിച്ചേരാനും പ്രയാസമാണ്. ഒരു ചായ കുടിക്കാനുള്ള സൗകര്യം പോലും സ്ഥലത്തില്ലെന്ന് ഓഫീസിലെത്തുന്നവർ പറയുന്നു.

35 പേർ ജോലി ചെയ്യുന്നു

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും എഐ ക്യാമറകളുടെ നിരീക്ഷണം ഉൾപ്പടെ നടത്തുന്ന കെൽട്രോൺ ജീവനക്കാരുമുൾപ്പടെ 35ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. റവന്യു ടവറിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരിക്കെയാണ് ഇവർ അസൗകര്യങ്ങൾക്കിടയിൽ കഴിയേണ്ടിവരുന്നത്.