കണ്ണൂർ: സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ കേസുമായി മുന്നോട്ട് പോവുമെന്നും മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞു. യു.ഡി.എഫ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും മേയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ നടത്തിയ അഴിമതികൾക്ക് മറപിടിക്കാനുള്ള വെപ്രാളമാണ് സി.പി.എം ജില്ലാ സെക്രട്ടറിയിൽ നിന്നും ഉണ്ടാവുന്നത്.
48 കോടി ചെലവഴിച്ച് മുണ്ടേരി സ്കൂളിൽ ടെണ്ടർ പോലും വിളിക്കാതെ നടത്തിയ നിർമാണ പ്രവൃത്തികളിലെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും രാഗേഷിന്റെ ആസ്തി വെളിപ്പെടുത്തണമെന്നും മേയർ പറഞ്ഞു. ഉദ്യോഗസ്ഥൻമാരിൽ നിന്നുണ്ടായ ക്ലറിക്കൽ മിസ്റ്റേക്ക് ആണ് 40 കോടി എന്ന് വന്നത് 140 കോടി ആയി മാറ്റേണ്ടിവന്നതെന്ന് മേയർ വീണ്ടും ആവർത്തിച്ചു. ഇത് പന്ത്രണ്ട് മണിക്കൂറിനകം വെബ് സൈറ്റിൽ നിന്നും മാറ്റിയതായും മേയർ പറഞ്ഞു. ഇത് എങ്ങിനെ അഴിമതിയാവുമെന്നും അദ്ദേഹം ചോദിച്ചു.
ജൂലായ് മാസത്തിലാണ് ടെണ്ടർ നടപടിയുമായി മുന്നോട്ട് പോവാൻ അമൃത് എം.ഡിയിൽ നിന്നും കത്ത് ലഭിച്ചത്. തുടർന്ന് കോർ കമ്മിറ്റി ചേർന്ന് മാനദണ്ഡങ്ങൾ ചർച്ച ചെയ്ത് കൗൺസിൽ തീരുമാനപ്രകാരം ടെക്നിക്കൽ കമ്മിറ്റി രൂപീകരണം അംഗീകരിച്ചതുമാണ്. കരാറുകാർക്ക് കേരളത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്ത പരിചയമുണ്ടെന്നും മേയർ വാദിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. പി.ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുരേഷ് ബാബു എളയാവൂർ, ഷമീമ, ഷാഹിന മൊയ്തീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.