
കണ്ണൂർ: തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് വിദ്യാർത്ഥിനിയെ തള്ളിയിട്ടതിന് പിന്നാലെ റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി അധികൃതർ. ആർ.പി.എഫ്, റെയിൽവേ ഉദ്യേഗസ്ഥർ, സംസ്ഥാന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സിറ്റി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും ഉൾപ്പെട്ട സംഘമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയും പരിശോധന തുടർന്നത്.
മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ബ്രെത്തലൈസർ പരിശോധനകൾ ഊർജിതമാണ്. മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര വിലക്കുകയാണ് സംഘം. റെയിൽവെ പാഴ്സൽ ഓഫീസ്, സ്റ്റേഷൻ പരിസരം, സ്റ്റാളുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെയും സ്റ്റേഷനിൽ അലഞ്ഞ് തിരിയുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. മദ്യപിച്ചതായി തെളിഞ്ഞാൽ സ്റ്റേഷനുകളിൽ കിടന്നുറങ്ങാനും അനുവദിക്കുന്നില്ല. പരിശോധനയ്ക്ക് പുറമെ സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബോധവത്ക്കരണവും നടക്കുന്നുണ്ട്.
മദ്യപിച്ചതായി കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആർ.പി.എഫ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദ്യപിച്ചെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ താക്കീത് ചെയ്ത് വിട്ടിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെയും നടപടിയുണ്ട്.
റെയിൽവേ സ്റ്റേഷനുകളിൽ സംസ്ഥാന പൊലീസും
ആർ.പി.എഫിന്റെ പരിശോധനയ്ക്ക് പുറമെ സംസ്ഥാന പൊലീസും സ്റ്റേഷനുകൾ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ അതത് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇതിനായി ലീവിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഉടൻ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിരുന്നു.
ട്രെയിനിലും പരിശോധന
ട്രെയിനുകൾക്കകത്തും പൊലീസ് പരിശോധനയുണ്ട്. കണ്ണൂരും സമീപപ്രദേശങ്ങളിലും അടുത്തിടെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ട്രെയിനിനകത്തും അക്രമസംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റിരുന്നു. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തുന്നതിന് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ജോലി സമയവും താൽക്കാലികമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
പരിശോധനകൾ നല്ലതാണ്. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും കുറച്ച് കാലം കഴിയുമ്പോൾ പരിശോധനകളെല്ലാം നിലയ്ക്കും വീണ്ടും പഴയപടിയാകും. സ്തീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെന്നത് മാത്രമാണ് ആവശ്യം. ഇനിയും അതിക്രമങ്ങൾ ഉണ്ടാകാതിരിക്കണം. അതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എൻ.കെ അശ്വതി -(ട്രെയിനിലെ സ്ഥിരയാത്രക്കാരി)