കോഴിക്കോട്: ആർദ്രയുടെയും ഏകതയുടെയും മാതാപിതാക്കളായ സുനിൽലാലിന്റെയും ഷെറീനയുടെയും 28-ാം വിവാഹ വാർഷിക ദിനമായിരുന്നു ഇന്നലെ . കേരളപ്പിറവി ദിനം കൂടിയായതിനാൽ എന്നും ഓർക്കും. എങ്കിലും ഇത്തവണത്തെ വിവാഹ വാർഷികം ഒന്നുകൂടി കളറാക്കാൻ ഈ പാട്ടുഫാമിലി തീരുമാനിച്ചു. അങ്ങനെ മെലഡിയും വേഗപ്പാട്ടുമൊക്കെയായി കോഴിക്കോട് ടൗൺഹാളിൽ ഇന്നലെ വെെകിട്ട് സംഗീത സന്ധ്യ അരങ്ങേറി. ഡ്യൂയറ്റ് പാടിയ മാതാപിതാക്കൾക്കൊപ്പം മക്കളും കട്ടയ്ക്ക് നിന്നതോടെ ഔറ മ്യൂസിക് ഫാമിലിയുടെ രണ്ടാമത് സംഗീതസന്ധ്യ കളറായി. കഴിഞ്ഞ വർഷവും കുടുംബത്തിന്റെ സംഗീതപരിപാടിയുണ്ടായിരുന്നു.
മെഡിക്കൽ കോളേജ് ഹൗസിംഗ് കോളനിയിലാണ് സുനിൽ ലാലിൽ താമസിക്കുന്നത്. ഫാബ്രിക്കേഷൻ ഇൻഡസ്ട്രീസും പെയിന്റ് ഏജൻസിയും നടത്തുകയാണ് സുനിൽലാൽ. ഭാര്യ ഷെറീന കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറാണ്. ആർദ്രയും ഏകതയും പഠനത്തിലും പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ചവർ. 2016ലെ സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു ആർദ്ര. അതേവർഷം നൂറ് ശതമാനം മാർക്കോടെ ചേവായൂർ പ്രസന്റേഷൻ സ്കൂളിലെ മികച്ച വിദ്യാർത്ഥിയുമായി. ഇപ്പോൾ ഹെെദരാബാദിൽ ലേസർ സ്പെക്ട്രോസ്കോപ്പിയിൽ ഗവേഷക വിദ്യാർത്ഥി. ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മാർഗംകളി, സംഘനൃത്തം എന്നിവയിൽ തുടർച്ചയായി സംസ്ഥാന വിജയിയായിട്ടുണ്ട് ഏകത. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ജോലി.
ജോലിക്കൊപ്പം സംഗീതം
വർഷങ്ങളോളം പാട്ടും നൃത്തവുമൊക്കെ പഠിച്ചവരാണ് ആർദ‌്രയുംയും ഏകതയും. പാട്ടിനെ സ്നേഹിക്കുന്ന കുടുംബ പശ്ചാത്തലമാണ് സുനിൽ ലാലിനും ഷെറീനയ്ക്കും. ആറ് വർഷമായി ഇവർ പാട്ട് പഠിക്കുകയും വേദികളിൽ പാടുകയും ചെയ്യുന്നു. ആർദ്ര ഹെെദരാബാദിലും ഏകത തിരുവനന്തപുരത്തും സംഗീത പഠനം തുടരുന്നു. മറ്റ് സംഗീതപരിപാടികളിലും സജ്ജീവസാന്നിദ്ധ്യമാണ്.
മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ പാടും. മെലഡികളോടാണ് കൂടുതൽ താത്പര്യം. മൗനം സ്വരമായ് എൻ പൊൻവീണയിൽ... എന്ന പാട്ട് കൂടുതൽ ഇഷ്ടമാണ്.
-ഔറ മ്യൂസിക് ഫാമിലി