ksrtc
കെ.എസ്.ആർ.ടി.സി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ ഫോളോ ചെയ്യാം, കാത്തിരിക്കുന്ന ബസ് എവിടെയെത്തി, വെെകുമോ തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിലറിയാം .... ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ഉൾപ്പെടുത്തിയ 'കെ.എസ്.ആർ.ടി.സി ചലോ ബീറ്റാ ആപ്പ്' ഹിറ്റായതോടെ യാത്രയും സെറ്റായി. ബസ് എവിടെയെത്തിയെന്നും എപ്പോൾ വരുമെന്നുമുള്ള വിവരം ബസ് സ്റ്റാൻഡിലോ സ്റ്റോപ്പിലോ നിൽക്കുന്ന യാത്രക്കാർക്ക് ആപ്പിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ട വിവരങ്ങൾ നൽകിയാൽ റൂട്ടിൽ ഓടുന്ന ബസുകളുടെ ലിസ്റ്റ് ലഭിക്കുകയും ബസുകളുടെ തത്സമയ വിവരങ്ങളും ബസിൽ സീറ്റുകൾ ഒഴിവുണ്ടോ, തിരക്കുണ്ടോ തുടങ്ങിയവ അറിയാനും കഴിയും. ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസിലാക്കാനും റൂട്ടിൽ ഉള്ള മറ്റു ബസുകൾ ഏതെല്ലാമാണെന്ന് അറിയാനും സാധിക്കും. ബസ് പുറപ്പെടുമ്പോൾ തന്നെ ആപ്പ് വഴി ബസ് ട്രാക്ക് ചെയ്യാൻ സാധിക്കും. നിലവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള ആപ്പ് ആയിരത്തിലധികം യാത്രക്കാരാണ് ഉപയോഗിക്കുന്നത്. ട്രാവൽ കാർഡുകൾ ആപ്പുമായി ബന്ധിപ്പിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.

 ആപ്പ് എങ്ങനെ

1.പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

2.ബസ് ട്രാക്ക് ചെയ്യാനായി ഹോം പേജിലെ ഫെെന്റ് ആൻഡ് ട്രാക്ക് യുവർ ബസ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക

3. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലവും നിൽക്കുന്ന സ്ഥലവും തിരഞ്ഞെടുക്കുക

4. യാത്ര ചെയ്യാനാവുന്ന വിവിധ ബസ് സർവീസുകളുടെ വിവരങ്ങൾ ദൃശ്യമാകും.

5. ബസ് ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസിലാക്കാം.

6. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്നും മനസിലാക്കാം