photo
പുന്നശ്ശേരി ആലിൻ ചുവട് ബസ് സ്റ്റോപ്പിനടുത്ത് റോഡരികിൽ മരങ്ങൾ കൂട്ടിയിട്ടതിൽ കാർ ഇടിച്ചുണ്ടായ അപകടം

നരിക്കുനി: നന്മണ്ട - നരിക്കുനി പടനിലം റോഡിൽ സ്വകാര്യ വ്യക്തികളുടെ മണ്ണും കല്ലും ഉൾപ്പെടെയുള്ള വസ്തുക്കളും മാസങ്ങൾക്ക് മുമ്പേ പി.ഡബ്ള്യു.ഡി മുറിച്ചിട്ട മരങ്ങളും കാരണം അപകടങ്ങൾ പതിവാകുന്നു. നരിക്കുനി ഹൈസ്കൂളിന് സമീപം, ചെങ്ങോട്ട് പൊയിൽ, കാരക്കുന്നത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകും വിധം മരങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത്.

നരിക്കുനി ഹൈസ്കുളിന് സമീപം റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് അവിടെ നിന്ന് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ എടുക്കുന്നതിനാൽ വിദ്യാർത്ഥികളും കാൽനടക്കാരും നടക്കാൻ പ്രയാസപ്പെടുകയാണ്. ആഴ്ചകൾക്ക് മുമ്പ് ഇവിടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയെടുക്കുന്ന ആളെ ബസ് ഇടിച്ചിരുന്നു. കാരക്കുന്നത്ത് കൂട്ടിയിട്ട മരത്തിലിടിച്ച് ഒരു ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പുന്നശ്ശേരി ആലിൻചുവട് ബസ് സ്റ്റോപ്പിനടുത്ത് റോഡരികിൽ മരങ്ങൾ കൂട്ടിയിട്ടതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. ഇവിടെ കഴിഞ്ഞ ദിവസം കാർ മരത്തിലിടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനിയർമാർക്കും പഞ്ചായത്തിലും പരാതി കൊടുത്തിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടന്ന് നന്മണ്ട - പടനിലം റോഡരികിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നന്മണ്ട പടനിലം റോഡിൽ അനാവശ്യമായി കച്ചവടക്കാരും വർക്ക്ഷോപ്പുകാരും സ്വകാര്യ വ്യക്തികളും സൂക്ഷിച്ച വസ്തുക്കൾ ഉടനടി മാറ്റണമെന്നും അപകടങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണം.

സുനിൽകുമാർ, പ്രസിഡൻ്റ്, പുന്നശ്ശേരി ഗ്രാമ സേവാ സമിതി വായനശാല ആൻഡ് ലൈബ്രറി