cor
കോഴിക്കോട് കോർപ്പറേഷൻ

സാമൂതിരിയുടെ തട്ടകം പാരമ്പര്യം കൈവിടാതെ സാഹിത്യനഗരമെന്ന പ്രൗഢിയിലാണിപ്പോൾ. 1962ന് ശേഷം നാലു തവണയൊഴിച്ചാൽ കോഴിക്കോട് കോർപ്പറേഷൻ ഇളകാത്ത ഇടതുകോട്ടയാണ്. 75 സീറ്റിലായിരുന്നു കഴിഞ്ഞ തവണ വരെ മത്സരം. അതിൽ ഇടതുപക്ഷം 50, യു.ഡി.എഫ്-18, എൻ.ഡി.എ- 7. ഇത്തവണ 76 വാർഡുകൾ. വികസനവും വിവാദങ്ങളും കളം മുറുകുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആര് വാഴും വീഴും എന്നത് പ്രവചനാതീതം. പഴയ ചെമ്മൺപാതയിൽ നിന്ന് മെട്രോ നഗരമെന്ന ഖ്യാതിയിലേക്ക് കോഴിക്കോടിനെ മാറ്റിയ വികസന പട്ടിക നിരത്തി ഇടതുപക്ഷവും ഒന്നും നടന്നില്ലെന്ന ആരോപണവുമായി യു.ഡി.എഫും എല്ലാം മോദിമയമെന്ന അവകാശവാദവുമായി എൻ.ഡി.എയും നേർക്കുനേർ പോരടിക്കുമ്പോൾ കേരളകൗമുദി 'പക്ഷം മറുപക്ഷം' ഇവിടെ തുടങ്ങുന്നു.

(2020)

വാർഡുകൾ.......75

എൽ.ഡി.എഫ്.......50

യു.ഡി.എഫ്............18

ബി.ജെ.പി................7
( വാർഡ് വിഭജനത്തിൽ ഒരു വാർഡ് കൂടി- 76)

@ അടിമുടി മാറി ' എന്റെ കോഴിക്കോട് '
മേയർ ഡോ. ബീന ഫിലിപ്പ്

കേരളമാകെ ശ്രദ്ധിക്കുന്ന നേട്ടങ്ങൾ ആർജിക്കാൻ കോർപ്പറേഷന് കഴിഞ്ഞു. കുടിവെള്ള വിതരണം, തെരുവു വിളക്കുകൾ, പാവങ്ങൾക്കുള്ള ഭവനനിർമ്മാണം, മാലിന്യ സംസ്‌കരണം, വയോജന ക്ഷേമം, ദാരിദ്ര്യനിർമാർജനം, ആരോഗ്യപരിപാലനം, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങി വിവിധ മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ യുനസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയെടുക്കാൻ കഴിഞ്ഞു. ഇന്ന് കോഴിക്കോട് ലോകമാകെ ശ്രദ്ധിക്കുന്ന നഗരമായി മാറി. ന്യൂ പാളയം മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, മാവൂർ സ്മൃതി പഥം ശ്മശാനം, ടൗൺ ഹാൾ നവീകരണം തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിച്ചു.


@ അഴിമതിയിൽ കുളിച്ച കാലം
കെ.സി ശോഭിത
(പ്രതിപക്ഷ നേതാവ്)

രണ്ട് പഞ്ചായത്തുകൾ കൂട്ടിചേർത്ത 2010 ലെ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ വലിയ മുന്നേറ്റമാണ് ഇക്കുറി ലക്ഷ്യം. കോർപ്പറേഷൻ ഭരണസമിതിയുടെ അഴിമതി ജനങ്ങൾ മനസിലാക്കി. അത് മുൻനിറുത്തിയാകും ഞങ്ങളുടെ പ്രചരണം. 75 വാർഡുകളിലും ജനദ്രോഹ നയങ്ങൾ ചൂണ്ടിക്കാട്ടി വികസന യാത്രയും റാലികളും തുടങ്ങി. പ്രമുഖരടങ്ങുന്ന ശക്തമായ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രതീക്ഷിക്കാം. എടുത്തുപറയത്തക്ക വിധം ഒരു വികസന പ്രവർത്തനങ്ങളും ഈ ഭരണസമിതി ചെയ്തിട്ടില്ല. ഉദ്ഘാടന പ്രഹസനങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണുള്ളത്. കൊട്ടിയാഘോഷിക്കുന്ന പദ്ധതികളിൽ പലതും കഴിഞ്ഞ കൗൺസിൽ കാലത്തുള്ളതാണ്. മാലിന്യമുക്ത നഗരം, അതിദാരിദ്ര്യമുക്ത ജില്ല, ഫുഡ് സ്ട്രീറ്റ്, ന്യൂ പാളയം മാർക്കറ്റ് എല്ലാം അഴിമതിയിൽ കലർന്നു.


@ മാറും മറിയും ബി.ജെ.പിയിലേക്ക്

നവ്യ ഹരിദാസ്
ബി.ജെ.പി (കൗൺസിൽ പാർട്ടി ലീഡർ)

തിരഞ്ഞെടുപ്പ് ബി.ജെപി ഗൗരവത്തോടെയാണ് കാണുന്നത്. പല വാർഡുകളിലും ബി.ജെ.പി മുൻനിര ലീഡർമാരെ മത്സരിപ്പിക്കാൻ പദ്ധതിയുണ്ട്. നിലവിലെ ഏഴ് സിറ്റിംഗ് സീറ്റുകൾ നിലനിറുത്തും. കഴിഞ്ഞ തവണ 21 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇത്തവണ ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമം. അതിനൊപ്പം മറ്റ് വാർഡുകൾ പിടിച്ചെടുക്കാനുള്ള നീക്കമുണ്ട്. കുത്തഴിഞ്ഞ ഭരണമാണ് കോർപ്പറേഷൻ ഈ അഞ്ച് വർഷക്കാലം കാഴ്ച വെച്ചത്. കേന്ദ്ര ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കാതിരുന്നതിനാൽ പല പദ്ധതി ഫണ്ടുകളും ലാപ്‌സായി. പാർക്കിംഗ് പ്രശ്‌നത്തിന് അറുതിവരുത്താൻ കൊണ്ടു വന്ന പാർക്കിംഗ് പ്ലാസ എങ്ങുമെത്തിയില്ല.