old
യാത്ര

കോഴിക്കോട്: വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ ട്രാൻ.ബസിൽ നഗര യാത്രയുമായി കോ‌ർപ്പറേഷൻ. ഓരോ വാർഡിലും ഒരു ദിവസം 40 പേരെയാണ് യാത്രയ്ക്കായി കൊണ്ടുപോകുക. രാവിലെ എട്ട് മണിയോടെ യാത്ര ആരംഭിക്കും. പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയർ,സരോവരം, ബീച്ച് എന്നിവ ചുറ്റിക്കാണും. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. ഇടവേളയിൽ ചായയും സിനിമയും യാത്രയുടെ ഭാഗമാകും. രാവിലെ ആരംഭിക്കുന്ന യാത്ര രാത്രി എട്ടിന് തീരും. ദിവസവും ഒരു സർവീസ് എന്ന ക്രമത്തിൽ 75 വാർഡിലെയും വയോജനങ്ങളെ നഗരം കാണിക്കും. മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുളള ബസായിരിക്കും സർവീസ് നടത്തുക. യാത്രയുടെ സാദ്ധ്യതകൾ പഠിച്ച് അടുത്തഘട്ടത്തിൽ കാപ്പാട് ബീച്ച്, വയനാട് തുടങ്ങി കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. തുടക്കത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസിലായിരിക്കും കോഴിക്കോട്ടെ യാത്ര.

പകൽവീടുകൾ, കൗൺസിലർമാർ, വയോജനക്കൂട്ടം എന്നിവ കേന്ദ്രീകരിച്ച് യാത്രപോകാൻ താത്പര്യമുള്ളവരെ കണ്ടെത്തും. വാർദ്ധക്യം എന്ന രണ്ടാം ബാല്യത്തെ വയോജനങ്ങൾക്ക് ആരോഗ്യകരവും ക്രിയാത്മകവുമായി സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

''വയോജനങ്ങൾക്കായി ഒരുക്കുന്ന യാത്രയുടെ നടപടികൾ ആരംഭിച്ചു. തിരഞ്ഞൈടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തും' പി ദിവാകരൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ