കോഴിക്കോട്: ചെറുവണ്ണൂർ-നല്ലളം പ്രദേശത്തുകാരുടെ കാത്തിരിപ്പിന് വിരാമം. രാഷ്ട്രീയത്തിനപ്പുറത്ത് അവരുടെ പ്രിയ നേതാവ് മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് യാഥാർത്ഥ്യമായി. മുല്ലവീട്ടിൽ കുടുംബം പൊതുനന്മയ്ക്കായി പതിച്ചു നൽകിയ 26 സെന്റ് സ്ഥലത്ത് 1.45 കോടി രൂപ ചെലവിട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പാർക്ക് തുറന്നത്. ഓപൺ എയർ ആൻഡ് റൂഫിങ് സ്റ്റേജ്, പ്രവേശന കവാടം, ഇരിപ്പിടങ്ങൾ, കഫ്റ്റീരിയ, ഇന്റർലോക്കിംഗ്, ലാൻഡ്‌സ്‌കേപ്പിംഗ്, ലൈബ്രറി ബിൽഡിംഗ് നവീകരണം എന്നിവ ഉൾപ്പെടുത്തിയാണ് സൗന്ദര്യവത്കരിച്ചത്. ടൂറിസം വകുപ്പ് നിർമാണം പൂർത്തിയാക്കിയ പാർക്കിന്റെ തുടർപരിപാലന ചുമതല കോർപ്പറേഷൻ നിർവഹിക്കും. പാർക്കിന്റെ ഉദ്ഘാടനം നടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഒരു വേദി മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. പി.സി.രാജൻ അദ്ധ്യക്ഷനായി. പി.കെ.പാറക്കടവ് മുഖ്യാതിഥിയായി. ഡി.ഗിരീഷ് കുമാർ, പ്രദീപ് ചന്ദ്രൻ, ടി.നിഖിൽ ദാസ്, പ്രേമലത തെക്കുവീട്ടിൽ, പി.ഷീബ, എം.പി.ഷഹർബാൻ, ടി.മൈമൂനത്ത്, റഫീന അൻവർ, അജീബബീവി പങ്കെടുത്തു.