tawanhall
1- മാനാഞ്ചിറയ്ക്കും മോഡൽ സ്‌കൂളിനും ഇടയിലൂടെയുള്ള കണ്ണൂര് റോഡിലെ പാർക്കിഗ് 2- ഇരുവശത്തും ഫൂട്പാത്ത് പോലുമില്ലാതെ വാഹനങ്ങൾ കൈയ്യടക്കുന്ന ബഷീർ റോഡ്ർ 3-ടൗൺഹാൾ റോഡ്‌

കോഴിക്കോട്: അനധികൃത പാർക്കിംഗ് കാരണം പൊറുതിമുട്ടി നഗരത്തിലെ യാത്രക്കാരും വാഹനങ്ങളും. രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന നഗരത്തിൽ നടന്നു നീങ്ങാൻ ഫൂട്പാത്തിൽപ്പോലും ഇടമില്ലാതെ തലങ്ങും വിലങ്ങും പാർക്കിംഗാണ്. ട്രാഫ്ക് പൊലീസ് വെച്ച നോ പാർക്കിംഗ് ബോർഡുകൾക്ക് താഴെയും പൊലീസ് വാഹനങ്ങൾ കടന്നുപോകുമ്പോൾ പോലും യഥേഷ്ടം ആളുകൾ വാഹനം നിർത്തിയിട്ട് കൂസലില്ലാതെ കടന്നുപോവുകയാണ്. വണ്ടിയിട്ട് പോകുന്നവരോട് നാട്ടുകാർ പ്രതികരിച്ചാൽ പിന്നെ വഴക്കും കയ്യാങ്കളിയുമാണ്.

നഗരത്തിൽ മാനാഞ്ചിറ സ്‌ക്വയറിന് സമീപത്ത് കണ്ണൂർ റോഡിൽ മോഡൽ സ്‌കൂളിന്റേയും അൻസാരി പാർക്കിന്റേയും സമീപത്തായി ആളുകൾക്ക് നടന്നുപോകാൻപോലും വഴിയില്ലാതെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. നഗരത്തിൽ ഏറ്റവും തിരക്കേറിയ റോഡുകളൊന്നാണ് ഇവിടം. അൻസാരിപാർക്ക്, മോഡൽസ്‌കൂൾ, ഹെഡ്‌പോസ്‌റ്റോഫീസ്, ആദായ നികുതി ഓഫീസ്, എസ്.ബി.ഐ തുടങ്ങി നിരവധി ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാമുണ്ടിവിടെ. ഏതുസമയം ആളുകൾ തിരക്കിട്ട് സഞ്ചരിക്കുന്ന റോഡ്. പലപ്പോഴും സ്കൂൾ കുട്ടികളും മറ്റും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. തൊട്ടടുത്തായുള്ള ടൗൺഹാൾ റോഡിന്റേയും ബഷീർ റോഡിന്റേയും സ്ഥിതിയും വ്യത്യസ്തമല്ല. ബഷീർ റോഡിൽ രണ്ടുവരിയായി ഒരു ഭാഗത്ത് ഇരു ചക്രവാഹനങ്ങളും മറുഭാഗത്ത് ഫുട്പാത്തുകൾ കൈയടക്കി കാറുകളും പാർക്ക് ചെയ്താൽ ജനത്തിന് റോഡിലൂടെ നടക്കുകയേ നിവൃത്തിയുള്ളൂ. അതുപോലയാണ് ടൗൺഹാൾ റോഡിന്റേയും അവസ്ഥ. ഇവിടെ ഒരു പേപാർക്കിംഗ് നിലവിലുണ്ടെങ്കിലും അവിടെപ്പോലും വാഹനം കയറ്റിയിടാതെ റോഡിലിട്ട് പോവുകയാണ് ജനം. എരഞ്ഞിപ്പാലം ബൈപ്പാസിൽ സ്വകാര്യ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും രണ്ടുഭാഗത്തും ഫൂട്പാത്തിനെപ്പോലും വകവെക്കാതെ നിർത്തിപ്പോവുകയാണ്. അതുപോലെ കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തുള്ള റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല. ഇതെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിംഗുള്ള ഭാഗങ്ങളാണെന്നതാണ് ആശ്ചര്യം. നഗരം വികസിച്ച് ജനം ഒഴുകുമ്പോഴും ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ലാത്തതാണ് ജനത്തെ കുഴക്കുന്നത്. മിഠായിത്തെരുവിലെ പ്രവേശന കവാടത്തിലായി പാർക്കിംഗ് പ്ലാസയ്ക്കായി കെട്ടിടം പൊളിച്ചുമാറ്റി സഥലം ഒരുക്കിയെങ്കിലും വർഷം രണ്ടായിട്ടും അധികൃതർ അനങ്ങിയിട്ടില്ലന്നതാണ് ദുരിതം ഇരട്ടിയാക്കുന്നത്.