കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടി സെൻട്രൽ മാർക്കറ്റ് അടിമുടി മാറ്റി ന്യൂ സെൻട്രൽ മാർക്കറ്റാകും. ആധുനിക സൗകര്യങ്ങളോടെ പണിയുന്ന ന്യൂ സെന്റർ മാർക്കറ്റിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ കേന്ദ്ര ന്യൂനപക്ഷ - ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ഫിഷറീസ്- യുവജന ക്ഷേമ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര, സംസ്ഥാന സഹകരണത്തോടെ 55.17 കോടി ചെലവിലാണ് മാർക്കറ്റ് പണിയുന്നത്. 1,23,274 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് മാർക്കറ്റ് നിർമാണം. നിലവിലെ കച്ചവടക്കാർക്ക് ബദൽ സംവിധാനമെന്ന നിലയിൽ മത്സ്യ മാർക്കറ്റിനായി വടക്ക് ഭാഗത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെക്രട്ടറി കെ.യു. ബിനി, സ്ഥിരം സമിതി അംഗങ്ങളായ ഡോ.എസ്. ജയശ്രീ, പി.സി. രാജൻ എന്നിവരും പങ്കെടുത്തു.
മാർക്കറ്റിൽ ഇവയെല്ലാം
മത്സ്യ മൊത്തക്കച്ചവടം, ചില്ലറ കച്ചവടം, ഉണക്കമത്സ്യ കച്ചവടം എന്നിവക്കായുള്ള വിൽപ്പന കേന്ദ്രങ്ങൾ
മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ
മത്സ്യം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് സ്റ്റോറേജ് സൗകര്യം
ട്യൂബ് ഐസ് പ്ലാന്റിനായി പ്രത്യേക സ്ഥലം
സീ ഫുഡ് റസ്റ്റോറന്റ്, തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഡോർമിറ്ററി
കച്ചവടത്തിനായി 70 തട്ടുകൾക്ക് പുറമെ 24 എണ്ണം പുതിയതും ഉൾപ്പെടുത്തി 94 എണ്ണം
135 ഓളം ചെറുകിട മത്സ്യസ്റ്റോളുകൾ ഉണ്ടാകും.
ശുദ്ധജല ലഭ്യത,
വെളിച്ചവും വൈദ്യുത സംവിധാനങ്ങളും
ശൗചാലയങ്ങൾ, ഖര മാലിന്യ സംസ്കരണ സംവിധാനം
ദ്രവ മാലിന്യ സംസ്കരണ സംവിധാനം
മഴവെള്ള സംഭരണി
പാർക്കിംഗ് സൗകര്യം
ചെലവ്
55.17 കോടി
'കേന്ദ്ര -സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ പി.എം.എസ്.എസ്.വെെ.വൈയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിക്കുന്ന സെൻട്രൽ മാർക്കറ്റ് കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും' ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്