കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ളാന്റിനെതിരെ വിരുദ്ധ സമരം ശക്തമാക്കാൻ സമരസമിതി. ഇന്നുമുതൽ ജനകീയ സമരപന്തൽ ഉയരും. എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഇന്നലെ മുസ്ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവകക്ഷി യോഗത്തിൽ പൊലീസ് റെയ്ഡ് അവസാനിപ്പിക്കാൻ തീരുമാനമായിരുന്നു. കർശന വ്യവസ്ഥയോടെ ഫ്രഷ് കട്ട് തുറക്കാമെന്ന് കളക്ടർ അറിയിച്ചിരുന്നെങ്കിലും ഫാക്ടറി ഇതുവരെ തുറന്നിട്ടില്ല.
സമരം ലക്ഷ്യം കാണുംവരെ ലീഗ്
കൂടെയുണ്ടാവും: കുഞ്ഞാലിക്കുട്ടി
താമരശ്ശേരി: ജനങ്ങളെ പ്രയാസപ്പെടുത്തി മാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 4,000 ത്തോളം കുടുംബങ്ങളെ സാരമായി ബാധിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രത്തിനെതിരെ സമരം ചെയ്തവരെ അകാരണമായി വേട്ടയാടുന്ന പൊലീസ് ഭീകരതയ്ക്കെതിരെ ജില്ലാ മുസ്ലിം ലീഗ് താമരശ്ശേരിയിൽ നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധ വായു ഇല്ലെങ്കിൽ ജീവിക്കാൻ കഴിയില്ല. അത് നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അതിനുവേണ്ടിയുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് അടിച്ചമർത്താമെന്ന് കരുതരുത്. ഇരകളുടെ സമരത്തിന് ലക്ഷ്യം കാണും വരെ എല്ലാ പിന്തുണയും നൽകി പാർട്ടി കൂടെയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ സ്വാഗതവും സെക്രട്ടറി എ .പി മജീദ് നന്ദിയും പറഞ്ഞു. വി.എം ഉമ്മർ, അഹമ്മദ് പുന്നക്കൽ, സൈനുൽ ആബിദീൻ തങ്ങൾ, പി കെ കാസിം,പിജി മുഹമ്മദ്,സി ടി ഭരതൻ എന്നിവർ പ്രസംഗിച്ചു.