കോഴിക്കോട്: വനം വകുപ്പിന് കീഴിൽ പേരാമ്പ്രയിലെ മുതുകാട് ആരംഭിക്കുന്ന ബയോളജിക്കൽ പാർക്കിന്റെ നിർമാണത്തിന് 13.944 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ബയോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ട പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. പ്രവേശന കവാടം, പിക്കറ്റ് സ്റ്റേഷൻ, ബയോ റിസോഴ്സ് പാർക്ക്, വാഹന പാർക്കിംഗ്, വാഷ് റൂമുകൾ, ടിക്കറ്റ് കൗണ്ടർ, സഫാരി സ്റ്റേഷൻ, ഓർക്കിഡ് ഹൗസ് തുടങ്ങിയവയുടെ നിർമാണം, ഫർണിച്ചറുകൾ, കമ്പ്യൂട്ടർ, സൈനേജ്, സി.സി.ടി.വി ക്യാമറകൾ എന്നിവ സ്ഥാപിക്കൽ, വെബ്‌സൈറ്റും ഇ ടിക്കറ്റിനായുള്ള സോഫ്റ്റ്‌വെയറും വികസിപ്പിക്കൽ, വാഹന സൗകര്യം ഒരുക്കൽ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ വരിക. കോഴിക്കോട് വനം ഡിവിഷന് കീഴിൽ പേരാമ്പ്ര പെരുവണ്ണാമൂഴി റേയ്ഞ്ചിലെ മുതുകാടിൽ 120 ഹെക്ടർ വനഭൂമിയാണ് പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്. നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമൽ ഹോസ്‌പൈസ് സെന്ററിന്റെ തറക്കല്ലിടലും ഇന്ന് രാവിലെ 11ന് പെരുവണ്ണാമൂഴിയിൽ നടക്കുന്ന ചടങ്ങിൽ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.