ഫറോക്ക്: ഫറോക്കിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ലോറി തലകീഴായി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് കയറ്റിയ തായ്ഗ്രൂപ്പിന്റെ ടോറസ് ലോറിയാണ് ഫറോക്ക് നഗരസഭാ ചെയർമാൻ എൻ സി അബ്ദുൾറസാഖിന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്ന അവസ്ഥയിലാണ്. മുറ്റത്തുണ്ടായിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ബി.എസ്.എൻ.എല്ലിന്റെ ഒരു ടെലഫോൺ പോസ്റ്റും തകർന്നു .ലോറി ഡ്രൈവർ പാലക്കാട് കിഴക്കുപുറം വടക്കുമ്പാടം വീട്ടിൽ ഷിബി (29)ക്ക് പരിക്കേറ്റിട്ടുണ്ട്. ഫറോക്ക് നഗരസഭാ ഓഫീസിന് സമീപം ഇന്നലെ രാവിലെ 9 നാണ് അപകടമുണ്ടായത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറഞ്ഞു. വൈകീട്ട് മൂന്നോടെ ലോറി ഉയർത്തി. ലോറിയിലെ ഓയിൽ റോഡിൽ പരന്നൊഴുകിയത് വാഹനങ്ങൾക്കും നാട്ടുകാർക്കും ദുരിതമായി. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് റോഡിലെ ഓയിൽ കഴുകി വൃത്തിയാക്കിയത്.