തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ പുകയില രഹിത പ്രതിജ്ഞ ചൊല്ലി കൊടുത്തു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി എബ്രഹാം ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയ മുഖ്യപ്രഭാഷണം നടത്തി. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, പ്രധാനാദ്ധ്യാപകൻ സജി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ്യ എംജെ എന്നിവർ പ്രസംഗിച്ചു.