കുറ്റ്യാടി: തദ്ദേശ സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസ് നരിപ്പറ്റ പഞ്ചായത്തിലും എത്തും. കുന്നുമ്മൽ ബ്ലോക്കില്‍ ആദ്യത്തെ സംരംഭമാണ് നരിപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ഇതിനായുള്ള നിവേദനം മന്ത്രിക്ക് നല്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാട്ടാളി ബാബു പറഞ്ഞു. ഗ്രാമീണ റോഡുകളെ ബന്ധിപ്പിച്ച് പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെടുത്തിയുള്ള സർവീസാണ് ഗ്രാമവണ്ടി. പദ്ധതിക്കു അംഗീകാരം ലഭിക്കുമെന്നും ലാഭകരമാണോയെന്ന് ഉറപ്പാക്കിയശേഷം റൂട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. യാത്രാക്ലേശം രൂക്ഷമായതും ഗ്രാമീണ മേഖലുകളുമായ വാളൂക്ക്, കുമ്പളച്ചോല എടോനി, ഇരുമ്പന്തടം, താവുള്ള കൊല്ലി താഴെ, നരിപ്പറ്റ, തിനൂർ, വള്ളിതറ, മുള്ളമ്പത്ത്, വാണിമേല്‍ പാലം റൂട്ടുകളാണ് പരിഗണനയിലുള്ളത്. സർവീസ് നടത്തുന്ന ബസിനു ഡീസലോ അതിനാവശ്യമായ തുകയോ ആണു തദ്ദേശ സ്ഥാപനം നൽകേണ്ടത്. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവയ്ക്കാവശ്യമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. തദ്ദേശസ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടികൾ സ്പോൺസർ ചെയ്യാം. സ്പോൺസർമാരുടെ പരസ്യം വണ്ടികളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.