കൊയിലാണ്ടി: നഗരസഭയിലെ പഴക്കം ചെന്ന റോഡുകളിലൊന്നായ പെരുവട്ടൂർമുക്ക് - നടേരിക്കടവ് റോഡ് പൂർണ്ണമായും തകർന്ന് യാത്ര ദുസഹമായി. മുൻപ് ഈ റോഡിലൂടെ സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ റോഡ് തകർന്നതോടെ ബസ് സർവീസ് നിർത്തിവെച്ചിരിക്കയാണ്. ഈ ഭാഗത്തേക്ക് ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകൾ വരാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമ്മാണത്തിനായി കൂറ്റൻ ലോറികളിൽ മണ്ണ് കടത്തുന്നത് ഈ റോഡിലൂടെയാണ്. അതോടെ പലയിടത്തും റോഡ് താണ് പോയിരിക്കയാണ്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ദേശീയപാത നിർമ്മാണ കമ്പനി താഴ്ന്നുപോയ ഇടങ്ങളിൽ ക്വാറി വെയ്സ്റ്റും മണ്ണും അടിച്ചിരുന്നു. റോഡ് പുനർ നിർമ്മാണത്തിനായി നഗരസഭ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ചതിന് ശേഷം റോഡ് പൂർണ്ണമായും തകർന്നതോടെ കരാറെടുക്കാൻ ആരും തയ്യാറായില്ലെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് വാർഡ് കമ്മിറ്റി റോഡ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരുവട്ടൂർ മുക്കിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. കൂടാതെ വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് നാട്ടുകാർ സ്ഥാപിക്കുകയും ചെയ്തു. മഴ പെയ്യുമ്പോൾ റോഡും വയലും തിരിച്ചറിയാൻ പറ്റാത്ത മട്ടിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. വിദ്യാർത്ഥികൾ, രോഗികൾ എന്നിവർ വലിയ പ്രയാസമാണ് നേരിടുന്നത്. ദേശീയ പാതയിൽ ഗതാഗത തടസമുണ്ടാകുമ്പോൾ വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടത്തിവിടാറ് മേപ്പയ്യൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊല്ലം വഴിയല്ലാതെ കൊയിലാണ്ടിയിലെത്താനും ഈ റോഡ് ഉപകരിക്കും. തകർന്ന് കിടക്കുന്ന റോഡ് കഴിയുന്നതും വേഗം പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.