gas
teer

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കുഴപ്പക്കാരെ കെെകാര്യം ചെയ്യാൻ പുതിയ കണ്ണീർ വാതകമെത്തും. പ്രശ്നബാധിത മേഖലയിലാകും ഇവ ഉപയോഗിക്കുക. ബി.എസ്.എഫിൽ നിന്ന് ടിയർ സ്‌മോക് മ്യൂണിഷൻ (ടി.എസ്.എം) വാങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് കണ്ണീർ വാതകം വാങ്ങുന്നത്. ഇതുസംബന്ധിച്ച് ഡി.ജി.പി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പ്രശ്നബാധിത സ്ഥലങ്ങളിൽ അക്രമാസക്തരാകുന്ന ജനങ്ങളെ കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടാനാണ് ടി.എസ്.എം വാങ്ങുന്നത്. ആദ്യം ജലപീരങ്കി, തുടർന്നാകും കണ്ണീർ വാതക പ്രയോഗം. ടി.എസ്.എം സൂക്ഷിക്കുന്നതും എറിയുന്നതുമൊക്കെ പൊലീസുകാരെ പഠിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേകം പരിശീലനം നൽകും.

ബി.എസ്.എഫിൽ നിന്ന് വാങ്ങുന്ന ടി.എസ്.എമ്മിന്റെ കാലാവധി മൂന്ന് വർഷമാണ്. കാലാവധി കഴിഞ്ഞവ പൊലീസിന്റെ പരിശീലനത്തിനാണ് ഉപയോഗിക്കുന്നത്. നാലുവർഷം വരെ ഇവ പരിശീലനത്തിന് ഉപയോഗിക്കുമെന്നാണ് വിവരം. ഏഴ് വർഷം കഴിഞ്ഞവ നശിപ്പിക്കും. കാലഹരണപ്പെട്ടവ സാധാരണ ജനങ്ങളെ പിരിച്ചുവിടുന്നതിനായി ഉപയോഗിക്കാറില്ലെന്നാണ് പറയുന്നത്. എന്നാൽ ചില സ്‌റ്റേഷനുകളിൽ ഉപയോഗിക്കാറുണ്ടെന്ന ആക്ഷേപമുണ്ട്.

സമരക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയാണ് കൂടുതലും പൊലീസ് ഉപയോഗിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിക്കണമന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ശുദ്ധജലം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളം ചീറ്റിയിട്ടും സമരക്കാർ പരിഞ്ഞുപോയില്ലെങ്കിൽ മാത്രമാണ് ലാത്തിചാർജ്ജും ടിയർ ഗ്യാസും പ്രയോഗിക്കുക.

ടി.എസ്.എം പ്രയോഗ രീതി

ടി.എസ്.എമ്മിന്റെ പിൻ വലിച്ചൂരിയാണ് ഉപയോഗിക്കുന്നത്. പിൻ ഊരി ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ പൊട്ടും. 45 ഡിഗ്രിയിലാണ് എറിയുന്നത്. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും.