സുൽത്താൻ ബത്തേരി: അപ്രായോഗികമായ സമയക്രമത്തിനെതിരെ കോടതി ഉത്തരവ് നേടിയെങ്കിവും ഉത്തരവ് നടപ്പിലായില്ല. ഇതോടെ താളൂർ അമ്പലയൽ കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തിവന്നിരുന്ന സ്വകാര്യ ബസ് ഓട്ടം താത്ക്കാലികമായി നിർത്തിവെച്ചു. ബസ് നിർത്തിവെച്ചതോടെ താളൂരിൽ നിന്ന് അമ്പലവയലിലേയ്ക്കും കൽപ്പറ്റയിലേക്കും പോയി തിരികെ എത്തികൊണ്ടിരുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. നാല് പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷമാണ് താളൂർ അമ്പലവയൽ കൽപ്പറ്റ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിച്ചത്. നാൽപ്പത് വർഷം മുമ്പ് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുണ്ടായിരുന്നു. ഇത് 2020 ൽ നിർത്തൽ ചെയ്തു. തുടർന്ന് യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്വകാര്യ ബസ് സർവ്വീസ് ആരംഭിച്ചത്. ബസിനെ ജനങ്ങൾ വൻ വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. ഇരു ഭാഗത്തേയ്ക്കും മൂന്ന് ട്രിപ്പ് വീതമാണ് ഉണ്ടായിരുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേയ്ക്ക് കുറ്റിക്കൈത, അടിവാരം, മാങ്കുന്നു, അത്തിച്ചാൽ, കാരാപ്പുഴ, വാഴവറ്റ എന്നിനിടങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്താനുള്ള മാർഗ്ഗമായിരുന്നു ഈ ബസ് സർവ്വീസ്. ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവന്ന ബസ് സർവ്വീസ് പൊടുന്നനെ നിർത്തിയത് അപ്രായോഗികമയ സമയക്രമത്തിന്റെ പേരിലാണ്. സമയത്തെച്ചൊല്ലി മറ്റ് റൂട്ടുകളിലോടുന്ന ബസിലെ ജീവനക്കാരുമായി തർക്കവും അടിപിടിയും നിത്യ സംഭവമായി മാറിയതോടെയാണ് ബസ് നിർത്തിയത്. സമയക്രമം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബസുടമ നിരവധി തവണ ആർ.ടി.ഒയ്ക്ക് അപേക്ഷ നൽകി. എന്നാൽ എട്ട് തവണ സമയക്രമം സംബന്ധിച്ച് മീറ്റിംഗ് ചേർന്നെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ബസുടമയ്ക്ക് അനുകൂലമായി ഉത്തരവ് ലഭിച്ചു. രണ്ട് മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് കളക്ടർ റിജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി സെക്രട്ടറി എന്നിവർക്ക് നിർദേശവും നൽകി. മെയ് 30ന് വിധി വന്നെങ്കിലും നടപ്പായില്ല. നിലവിലെ സമയക്രമമനുസരിച്ച് ബസ് ഓടിയെത്തുന്നില്ലെന്നാണ് പരാതി. ദൂരം കൂടുതലും അനുവദിച്ച സമയം കുറവുമാണ്. സംയക്രമം പാലിക്കാൻ ബസ് അമിത വേഗതയിൽ പോയാൽ അപകടത്തിന് ഇടയാക്കും. ബസ് സർവ്വീസ് നിർത്തിവെച്ചതോടെ താളൂർ ഭാഗത്ത് നിന്ന് കൽപ്പറ്റയിലേയ്ക്ക് എത്തുന്നതിന് രണ്ടും മൂന്നും ബസ് മാറി കയറേണ്ട അവസ്ഥയാണ്. ബസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി ജനകീയ ബസ് സർവ്വീസ് ആരംഭിക്കാൻ ബന്ധപ്പെട്ട അധികൃതർ കരുണ കാണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.