കുറ്റ്യാടി: മലയോര മേഖലകളിൽ തെരുവുനായകളുടെ ശല്യം രൂക്ഷം. രാപകൽ വ്യത്യാസമില്ലാതെയാണ് നായകൾ പല ഭാഗങ്ങളിലും കറങ്ങി നടക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ കുറുകെ നായകൾ ഓടിയുണ്ടാവുന്ന അപകടങ്ങൾ പെരുകുകയാണ്. കുറ്റ്യാടിയിലെ ബസ് സ്റ്റാൻ്റുകളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലുമാണ് പകൽ സമയങ്ങളിൽ നായകൾ വിശ്രമിക്കുന്നത്. മാർക്കറ്റുകളിൽ നിന്നും മറ്റും ലഭിക്കുന്ന അവശിഷ്ടങ്ങൾ യഥേഷ്ട്ടം ലഭിക്കുന്നതിനാൽ ഇവ സദാസമയം ഈ പ്രദേശങ്ങളിലാണ് കാണാറുള്ളത്. കുറ്റ്യാടി, തൊട്ടിൽ പാലം, മരുതോങ്കര, കുന്നുമ്മൽ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും നായ്കളുടെ ശല്യം കാരണം പ്രഭാത നടത്തിന് പോകുന്നവരും കട തുറക്കാനെത്തുന്ന വ്യാപാരികളും സ്കൂൾ, മദ്രസ വിദ്യാർത്ഥികളും പത്ര വിതരണത്തിന് പോകുന്നവരും പ്രയാസപ്പെടുകയാണ്. കൂട്ടമായി എത്തുന്ന നായ്ക്കൾ ആളുകളെ ആക്രമിക്കുന്നതിന് പുറമേ വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുകയാണ്.
പല പഞ്ചായത്തുകളിലും കറങ്ങി നടക്കുന്ന നായകളെ പിടിക്കാനുള്ള പദ്ധതികൾ നടക്കുന്നില്ല. കുറ്റ്യാടി ചുറ്റുവട്ട പ്രദേശങ്ങളിൽ നിന്ന് ആറ് മാസത്തിനിടയിൽ ഇരുപതോളം പേരെ നായ കടിച്ചിട്ടുണ്ട്. നായ കടിച്ചാൽ ആവശ്യമായ മരുന്നുകൾ പോലും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.
അവശിഷ്ട്ട ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കണം. ഭക്ഷ്യവസ്തുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണം
വി.പി.വിനോദൻ, പൊതു പ്രവർത്തകൻ
തെരുവുനായകളെ നിയന്ത്രിക്കാൻ ഗ്രാമ പഞ്ചായത്തുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കം. പഞ്ചായത്തുകളിൽ എ.ബി.സി സെന്റർ പ്രവൃത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.
സനൽവക്കത്ത്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി