sathi
ഹാർബറിൽ പുരോഗമിക്കുന്ന ഡ്രഡ്ജിംഗ്, ഹാർബറിൽ എത്തിയ റോക്ക് കട്ടിങ്ങ് ഡ്രഡ്ജർ

ബേപ്പൂർ: ഹാർബറിന് സമീപം ചാലിയാറിൽ ട്രോളിംഗ് നിരോധന കാലയളവിലും പ്രതികൂല കാലാവസ്ഥയെ തുടർന്നും നിറുത്തി വെച്ച ഡ്രഡ്ജിംഗ് ഇന്നലെ ആരംഭിച്ചു. ഹാർബറിന് മുൻവശത്താണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. കാലവർഷത്തിൽ ഡ്രഡ്ജിംഗ് നടന്ന ഭാഗത്ത് വീണ്ടും മണൽ തിട്ടകൾ രൂപപ്പെട്ടിരുന്നു. വീണ്ടും ഹൈഡ്രോഗ്രാഫിക്ക് സർവേ നടത്തിയാണ് ഡ്രഡ്ജിംഗ് പുനരാരംഭിച്ചത്. ലോ ലെവൽ ജട്ടിക്ക് മുൻവശം ചാലിയാറിലെ ചെങ്കൽ പാറകൾ നീക്കം ചെയ്യുനുള്ള കട്ടിംഗ് ഡ്രഡ്ജറും ഹാർബറിൽ എത്തിയിട്ടുണ്ട്. ഒരേ സമയം 400 ക്യൂബിക്ക് മീറ്റർ ചളിയും മണലും ആഴക്കടലിൽ നിക്ഷേപിക്കുവാൻ ഉപയോഗിച്ചിരുന്ന വലിയ ബാർജിന് പകരം ഒരേ സമയം 100 ക്യൂബിക്ക് ചളി നിറക്കാൻ ശേഷിയുള്ള ചെറിയ ബാർജിലാണ് ചളി നിറച്ച് ആഴക്കടലിൽ നിക്ഷേപിക്കുന്നത്. ഉടൻ തന്നെ മറ്റൊരു ബാർജു കൂടി എത്തുമെന്ന് അധികൃതർ അറിയിച്ചു.

നീക്കം ചെയ്യാനുള്ളത്

50,000 ക്യൂബിക്ക് മീറ്റർ ചളിയാണ് ഇനി നീക്കം ചെയ്യാനുള്ളത്. 5. 94 കോടി കരാർ വ്യവസ്ഥയിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഡ്രഡ്ജിംഗ് കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. പത്ത് ശതമാനം പാറയും 90 ശതമാനം ചളിയുമാണ് നീക്കം ചെയ്യാനുള്ളത്. ലോ ലെവൽ ജട്ടി മുതൽ കപ്പൽ പൊളി ശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലുമാണ് ചളി നീക്കം ചെയ്യാനുള്ളത്. നിലവിൽ 2.5 മീറ്ററുള്ള വാർഫിൻ്റെ അടിത്തട്ടിൽ നിന്നും മൂന്നു മീറ്ററോളം താഴ്ചയിലാണ് ഡ്രഡ്ജിംഗ് നടക്കേണ്ടത്.

ഹാർബറിന് മുൻവശം മത്സ്യബന്ധന ബോട്ടുകൾക്ക് നങ്കൂരമിടാനുള്ള സ്ഥലമാണെന്ന വിഷയം പരിഗണിച്ച് ഉടൻ തന്നെ ഡ്രഡ്ജിംഗ് പൂർത്തികരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണം.

കരിച്ചാലി പ്രേമൻ, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്