പാലക്കാട്: റോഡിൽ കുരച്ചുചാടുന്ന നായ്ക്കളെ തുരത്തുന്ന റിഫ്ളക്ടർ. ഇതിലെ ശബ്ദമാണ് പേടിപ്പിച്ച് ഓടിക്കുന്നത്. തിരുവനന്തപുരം ഉണ്ടൻകോട് സെന്റ് ജോൺ എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥികളായ ആദിത്യന്റെയും ഷെറിന്റെയും കണ്ടുപിടിത്തം.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇവരുടെ വർക്കിംഗ് മോഡൽ ശ്രദ്ധേയമായി. ഇത്തവണ ആദ്യമായി ഒരുക്കിയ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലാണ് അവതരിപ്പിച്ചത്. ഇരുവരുമിപ്പോൾ എൻജിനിയറിംഗ് കമ്പ്യൂട്ടർ സയൻസ് ആദ്യവർഷ വിദ്യാർത്ഥികൾ.
റോഡിനു നടുവിൽ ഘടിപ്പിക്കാവുന്ന റിഫ്ളക്ടറിന് 'സേഫ് വോയ്സ് ' എന്നാണ് പേര്. തെരുവുനായ്ക്കൾ കുറുകെ ചാടിയുണ്ടാവുന്ന വാഹനാപകടങ്ങൾ നല്ലൊരളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കുട്ടികൾ അവകാശപ്പെടുന്നു.
റിഫ്ലക്ടറായി പ്രവർത്തിക്കാൻ യന്ത്രത്തിൽ ചെറിയ സോളാർ പാനലുണ്ട്. അകത്തുള്ള ബാറ്ററികൾ ചാർജ് ചെയ്യുന്നത് ഇതുവഴിയാണ്. റോഡ് പ്രതലത്തിൽ നാല് സ്ക്രൂകളിട്ട് സ്ഥാപിക്കാം. കട്ടിയേറിയ പ്രോളികാർബണേറ്റ് കൊണ്ടു നിർമ്മാച്ചതാണ്. വാഹനങ്ങൾ കയറിയാൽ തകരില്ല. വശങ്ങളിൽ ഹെെഡ്രാേഫോബിക് ആവരണമുണ്ട്. മഴ വെള്ളമോ പൊടിയോ കയറാതിരിക്കാനാണിത്.
മനുഷ്യർ കേൾക്കില്ല
നായ്ക്കൾ ഒന്നര മീറ്റർ അടുത്തെത്തുമ്പോഴേ യന്ത്രത്തിലെ സെൻസർ പണി തുടങ്ങും. ഇൻഫ്രാറെഡ് താപത്തിലൂടെയാണ് സെൻസർ പ്രവർത്തിക്കുക. അൾട്രാസോണിക് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇത് നായ്ക്കളെ ഭയപ്പെടുത്തി ഓടിക്കും. 20 - 45 കിലോഹെർട്സ് വേരിയബിൾ ഫ്രീക്വൻസിയിലെ ശബ്ദം മനുഷ്യർക്ക് കേൾക്കാനാവില്ല. അതുകൊണ്ടു തന്നെ ഡ്രെെവർമാർക്കോ യാത്രക്കാർക്കോ ബുദ്ധിമുട്ടാകില്ല.
800 രൂപ
ഒരു യൂണിറ്റിന്
നിർമ്മാണച്ചെലവ്
തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന റോഡപകടങ്ങളെ തുടർന്ന് നഷ്ടപരിഹാരമായി വലിയ തുക സർക്കാരിന് നൽകേണ്ടിവരുന്നു. യന്ത്രം സ്ഥാപിച്ചാൽ ഈ ചെലവ് കുറയ്ക്കാം.
-ആദിത്യൻ, ഷെറിൻ